News - 2024
യഹൂദ സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 20-09-2018 - Thursday
വത്തിക്കാന്‍ സിറ്റി: സെപ്തംബര്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള യഹൂദര്‍ ആചരിക്കുന്ന റോഷ് ഹഷ്ന, യോം കിപ്പൂര്‍, സുക്കോത് തിരുനാളില്‍ ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബര്‍ 17, ശനിയാഴ്ച വത്തിക്കാനില്‍ നിന്നുമാണ് ഇറ്റലിയിലെ യഹൂദ സമൂഹത്തിനായി റോമിലെ തേംപിയോ മജോരെ സമൂഹത്തിന്‍റെ പ്രധാനപുരോഹിതന്‍, റിക്കാര്‍ദോ സേഞ്ഞിക്ക് ഫ്രാന്‍സിസ് പാപ്പ ആശംസാസന്ദേശമയച്ചത്. അനുതാപത്തിന്‍റെയും പാപമോചനത്തിന്‍റെയും അനുഷ്ഠാനനാളില്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാപ്പ അറിയിച്ചു.
പാപമോചനത്തിന്‍റെ അനുഭവത്തിലൂടെ രക്ഷനല്കുന്ന തിരുനാളുകള്‍ ദൈവത്തിന് നന്ദിപറയുന്ന അവസരമാണെന്നും, ഇനിയും അത്യുന്നതന്‍റെ അനുഗ്രഹങ്ങള്‍ ലോകമെമ്പാടുമുള്ള യഹൂദ സഹോദരങ്ങളില്‍ കൂടുതലായി വര്‍ഷിക്കപ്പെടാന്‍ ഇടയാവട്ടെയെന്നും പാപ്പ ആംശംസിച്ചു. ലോകത്തെവിടെയും അനുരജ്ഞനത്തിലൂടെ സമാധാനം കൈവരിക്കാന്‍ ഇടയാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. യഹൂദരുടെ പാപപരിഹാര തിരുനാളാണ് യോം കിപ്പൂര്‍.