India - 2024

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സമര്‍പ്പിത സമൂഹങ്ങള്‍

സ്വന്തം ലേഖകന്‍ 22-09-2018 - Saturday

കൊച്ചി: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുചേരാന്‍ സന്ന്യാസസഭകളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസി ഭാരവാഹികളുടെയും സംയുക്ത സമ്മേളനം തീരുമാനിച്ചു. ഇന്നലെ കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേലിന്റെ അധ്യക്ഷതയില്‍ പി‌ഒസിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സന്യസ്തര്‍ ഒരുമാസത്തെ ശമ്പളം സഭയുടെ ദുരിതാശ്വാസ, പുനരധിവാസ ഫണ്ടിലേക്കു സംഭാവന നല്‍കും.

ഭവനനിര്‍മാണം, വീടുകളുടെ അറ്റകുറ്റപ്പണികള്‍, കക്കൂസ് നിര്‍മാണം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹനം, കുട്ടികളുടെ വിദ്യാഭ്യാസവും മാനസികാരോഗ്യവും, കാര്‍ഷികവികസനം എന്നീ മേഖലകളില്‍ സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായ ശ്രദ്ധ നല്‍കും. രൂപതകളും സന്യാസസമൂഹങ്ങളും പ്രാദേശികതലത്തില്‍ സഹകരിച്ചു ആയിരിയ്ക്കും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

കേരളത്തിലെ 32 രൂപതകളിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സന്ന്യാസസമൂഹങ്ങളും സഭയുടെ മറ്റു സന്നദ്ധ സംഘടനകളും കേരളത്തിന്റെ പുനര്‍നിര്‍മിതിയില്‍ സജീവമായി പങ്കുകൊള്ളുവാനും യോഗം തീരുമാനിച്ചു. സമ്മേളനം കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ലിസിയ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »