News - 2024

യൂറോപ്പിലെ ക്രൈസ്തവ വിശ്വാസം: ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച് റഷ്യൻ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 22-09-2018 - Saturday

ലിസ്ബണ്‍: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തെപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച് റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാനുമായ ഹിലാരിയോണ്‍ ആല്‍ഫയേവ്. യൂറോപ്യൻ രാജ്യമായ പോർച്ചുഗലിലെ 'ജുൻഗായോ ഡോ ബെം' എന്ന സംഘടന നൽകിയ സ്വീകരണത്തിലാണ് ക്രെെസ്തവ വിശ്വാസത്തിന് യൂറോപ്പിലുളള നിലനില്‍പ്പിനെ കുറിച്ചുള്ള ചിന്തകള്‍ മെത്രാപ്പോലീത്ത പങ്കുവച്ചത്. ക്രെെസ്തവ വിശ്വാസം പ്രതിസന്ധികളെ തരണം ചെയ്തു യൂറോപ്പിൽ വളർന്നതും, പിന്നീട് യൂറോപ്പിന്റെ സാംസ്ക്കാരിക ആരോഗ്യ വിദ്യാഭ്യാസപരമായ നിലവാരവും ഉയരുന്നതിന് അടിസ്ഥാനമായതും മറ്റും മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

യൂറോപ്പിന് ഇപ്പോൾ അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് മൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ മൂലമാണെന്നും ഹിലാരിയോൺ പറയുന്നു. സഭകളുടെ വേർപിരിയലും, യൂറോപ്യൻ രാജ്യങ്ങൾ മതേതര കാഴ്ചപ്പാടുകൾ സ്വീകരിച്ചതും ചില സഭകൾ തന്നെയും മതേതര ചിന്തകൾക്ക് തങ്ങളുടെ വിശ്വാസത്തിനെ ബലി നൽകിയതും മറ്റുമാണ് യൂറോപ്പിന് സംഭവിക്കുന്ന അപചയങ്ങൾക്ക് കാരണമെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ വെള്ളം ചേർത്ത യൂറോപ്പിലെ പ്രൊട്ടസ്റ്റന്‍റ് സഭകളെയും ഹിലാരിയോൺ ശക്തമായ ഭാഷയിൽ വിമർശിച്ചു. സ്വവർഗാനുരാഗവും മറ്റു മൂല്യച്യുതികളും പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളും ഹിലാരിയോണിന്റെ മൂർച്ഛയേറിയ വാക്കുകളുടെ ഇരകളായി മാറി. വീണ്ടും യൂറോപ്പ് ദെെവത്തിലേയ്ക്ക് തിരിയും എന്ന് പ്രതീക്ഷ പങ്കുവച്ചാണ് ഹിലാരിയോൺ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി നിരന്തരം ശബ്ദമുയര്‍ത്തുന്ന മെത്രാപ്പോലീത്ത കൂടിയാണ് ഹിലാരിയോണ്‍ ആല്‍ഫയേവ്.


Related Articles »