News - 2024

സഭ കടന്നുപോകുന്നത് ഇരുണ്ട നാളുകളിലൂടെ; പരിശുദ്ധ അമ്മയെ മാതൃകയാക്കണമെന്നു അമേരിക്കന്‍ ബിഷപ്പ്

സ്വന്തം ലേഖകന്‍ 24-09-2018 - Monday

ടെക്സാസ്: കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കത്തോലിക്കര്‍ പരിശുദ്ധ കന്യകാമാതാവിന്റെ മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അമേരിക്കന്‍ ബിഷപ്പ്. സാന്‍ അന്റോണിയോ അതിരൂപതയിലെ മെത്രാനായ ഗുസ്താവോ ഗാര്‍ഷ്യ സില്ലറാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 22-ന് ടെക്സാസിലെ ഗ്രേപ് വൈനില്‍ നാഷണല്‍ വി എന്‍ക്വുവെന്‍ട്രോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയെ ഇപ്പോള്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലൈംഗീകാപവാദങ്ങളെ തുടര്‍ന്നു വിശ്വാസത്തില്‍ നിന്നു അകന്നു കഴിയുന്നവരെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ട് വരുവാന്‍ അത്മായര്‍ക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും മുന്‍പേ തന്നെ യേശുവിന്റെ ആദ്യത്തെ പ്രേഷിത ശിഷ്യ പരിശുദ്ധ കന്യകാമാതാവായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ സീന്‍ ഒ’മാല്ലിയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് മെത്രാന്‍ പറഞ്ഞു. യേശുക്രിസ്തു കുരിശില്‍ കിടക്കുമ്പോള്‍ പോലും പരിശുദ്ധ കന്യകാമാതാവ് ധൈര്യം കൈവെടിഞ്ഞിരുന്നില്ല. വിശ്വാസം, ധൈര്യം, ശക്തി എന്നിവയുടെ ഒരു ഉറച്ച സ്തംഭമാണ് കന്യകാമാതാവ്.

അതിനാല്‍ കന്യകാമാതാവിനെയാണ് ഈ സാഹചര്യത്തില്‍ നമ്മള്‍ മാതൃകയാക്കേണ്ടത്. വേദനാജനകമെന്നു പറയട്ടെ, നീണ്ട കാലമായി സഭയില്‍ ഇത്തരം ലൈംഗീകാപവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. വികാരക്ഷോഭത്തോട് കൂടി നമ്മള്‍ ഇത്തരം അപവാദങ്ങളെ നേരിടരുത്‌, പകരം ഈ അപവാദങ്ങളില്‍ മനംമടുത്ത വിശ്വാസികളെ പുനഃസുവിശേഷവല്‍ക്കരിക്കുകയാണ് വേണ്ടത്. ഇത്തരം ലൈംഗീകാതിക്രമങ്ങള്‍ക്ക്‌ ഇരയായവരുടെ ക്ഷേമത്തിനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു.

യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും, കുരിശുമരണത്തോടുമാണ് ഈ പ്രതിസന്ധിയെ സില്ലര്‍ മെത്രാന്‍ ഉപമിക്കുന്നത്. ഇതൊരു കുരിശിന്റെ വഴി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രതികൂലമായ സാഹചര്യം ചൂണ്ടിക്കാട്ടി യേശുവില്‍ നിന്നും അകലുവാനുള്ള ജനങ്ങളുടെ മനോഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുവാനും അദ്ദേഹം മറന്നില്ല. തിരുസഭ യേശുവിന്റെ ശരീരമാകയാല്‍, ഒരാള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും വേദനിക്കും. അതിനാല്‍ നാമെല്ലാവരും ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും ബിഷപ്പ് സില്ലര്‍ പറഞ്ഞു.


Related Articles »