News - 2024

മിഷ്ണറി വൈദികനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം നേതൃത്വം

സ്വന്തം ലേഖകന്‍ 25-09-2018 - Tuesday

നിയാമെ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപ്പോയ ഇറ്റാലിയന്‍ മിഷ്ണറി വൈദികനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം നേതൃത്വം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലിയെ മോചിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്‍റര്‍ റിലിജീയസ് കമ്മിറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സമാധാനം നശിപ്പിക്കുവാനാണ് ആക്രമികളുടെ ശ്രമമെന്നും അതിന്റെ ഭാഗമായാണ് സമാധാനത്തിന്റെ ദൂതനായ ഫാ. പിയർലുയിജിയെ തട്ടിക്കൊണ്ടു പോയതെന്നും സംഘടന പ്രസ്താവനയില്‍ കുറിച്ചു.

സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രി മുതലാണ് വൈദികനെ കാണാതായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് തട്ടിക്കൊണ്ടുപ്പോയതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ക്രേമ രൂപതാംഗമായ ഫാ. മക്കാലി സുവിശേഷവത്ക്കരണത്തിനും സാമൂഹ്യ- വിദ്യാഭ്യാസ-ആതുര മേഖലകളിലെ ഉന്നമനത്തിനും വേണ്ടി നൈജറിലെ ബൊമാങ്ക പ്രദേശത്ത് രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തുവരികയായിരിന്നു. ഇതിനിടെയാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. തിരോധാനം നടന്നിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും വൈദികനെ കുറിച്ചു യാതൊരു വിവരവും ലഭ്യമായിട്ടില്ല.


Related Articles »