News - 2024
'40 ഡേയ്സ് ഫോർ ലെെഫ്' ക്യാംപെയിനു അമേരിക്കയിൽ ഉജ്ജ്വല ആരംഭം
സ്വന്തം ലേഖകന്‍ 28-09-2018 - Friday
ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രം എന്ന മഹാപാതകത്തിന് എതിരെ ശബ്ദമുയര്‍ത്തി '40 ഡേയ്സ് ഫോർ ലെെഫ്' സംഘടന തങ്ങളുടെ പുതിയ പ്രോലൈഫ് ക്യാംപെയിനു അമേരിക്കയിലെ നാനൂറ്റിപതിനഞ്ചു നഗരങ്ങളിൽ തുടക്കം കുറിച്ചു. റെക്കോർഡ് കണക്കിന് ആളുകളുമായി സെപ്തംബർ ഇരുപത്തിമൂന്നാം തീയതിയാണ് ക്യാംപെയിന് ആരംഭം കുറിച്ചത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ '40 ഡേയ്സ് ഫോർ ലെെഫ്' ക്യാംപെയിനു കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടുകയും, കൂടുതൽ ആളുകൾക്ക് പരിശീലനം നൽകാൻ സാധിക്കുകയും ചെയ്തെന്ന് പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ഷോൺ കാർണി പറഞ്ഞു.
ഉപവാസത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, അബോർഷൻ ക്ലിനിക്കുകൾക്കു മുൻപിൽ നിന്ന് സമാധാനപരമായി ഭ്രൂണഹത്യ വിരുദ്ധ ബാനറുകളുമായി പ്രതിഷേധിക്കുക എന്നതാണ് ഈ പ്രോലെെഫ് പ്രസ്ഥാനത്തിന്റെ പ്രവർത്തന രീതി. സംഘടനയുടെ വിവിധ ഇടപെടലുകളെ തുടര്‍ന്നു ഇതുവരെ 14,600 ജീവനുകൾ ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അൻപതോളം രാജ്യങ്ങളിൽ ഏകദേശം ഏഴുലക്ഷത്തി അൻപതിനായിരത്തോളം ആളുകൾ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇക്കാലയളവിൽ തൊണ്ണൂറ്റിയാറ് അബോർഷൻ ക്ലിനിക്കുകൾ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന 178 ആളുകൾ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. ഇതെല്ലാം '40 ഡേയ്സ് ഫോർ ലെെഫ്' ക്യാംപെയിനുകളുടെ വിജയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ്. ഡേവിഡ് ബെരേറ്റ് എന്നയാളാണ് 2007-ൽ സംഘടനക്ക് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ഈസ്റ്ററിനോട് അനുബന്ധിച്ച് ഇദ്ദേഹം പ്രൊട്ടസ്റ്റന്‍റ് ചിന്താഗതി ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു.