News

മെത്രാന്മാരുടെ സിനഡിന് ആരംഭം; ആദ്യമായി ചൈനയില്‍ നിന്നുള്ള മെത്രാന്മാരും

സ്വന്തം ലേഖകന്‍ 04-10-2018 - Thursday

വത്തിക്കാന്‍ സിറ്റി: തിരുസഭയുടെയും സമൂഹത്തിന്‍റെയും ഭാവിയായ യുവജനങ്ങളുടെ വളര്‍ച്ചയെയും രൂപീകരണത്തെയും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത മെത്രാന്മാരുടെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം ഇന്നലെ വത്തിക്കാനില്‍ ആരംഭിച്ചു. വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍, ആദ്യമായി ചൈനയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്‍മാര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡ് ആരംഭിച്ചത്. പുതു തലമുറയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നല്ല ലോകം സൃഷ്ടിക്കാന്‍ യുവാക്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

യുവജനങ്ങളില്‍നിന്ന് നമ്മെ അകറ്റുന്ന മനസിന്റെ ചട്ടക്കൂടുകളെ രൂപാന്തരപ്പെടുത്താനും ഹൃദയങ്ങളെ വിശാലമാക്കാനും സിനഡ് സഹായിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. യുവജനങ്ങള്‍, വിശ്വാസം, ദൈവവിളിയുടെ തിരിച്ചറിവ് എന്നതാണു സിനഡിന്റെ ചര്‍ച്ചാവിഷയം. സിനഡിനു മുന്നോടിയായി റോമില്‍ നടന്ന യുവജനങ്ങളുടെ ആഗോളപ്രതിനിധി സമ്മേളനത്തിന്‍റെ അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം സിന‍ഡു കമ്മീഷന്‍ ചിട്ടപ്പെടുത്തി 2018 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖയെ ആധാരമാക്കിയാണ് സിനഡിന്‍റെ അനുദിന ഗ്രൂപ്പു ചര്‍ച്ചകളും, പഠനങ്ങളും നടക്കുന്നത്.


Related Articles »