Life In Christ

ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നിര്‍ദ്ദേശിച്ച കുഞ്ഞിന് അത്ഭുത സൗഖ്യം; ദൈവത്തിന് നന്ദി പറഞ്ഞു അമേരിക്കന്‍ താരം

സ്വന്തം ലേഖകന്‍ 18-10-2018 - Thursday

ന്യൂയോര്‍ക്ക്: ജനപ്രീതിയാര്‍ജ്ജിച്ച അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ‘സതേണ്‍ ചാം’മിലെ കാസ്റ്റിംഗ് താരമായ ജെന്നിഫര്‍ സ്നോഡന്‍ തന്റെ മകനായ ആഷറിന്റെ ജനനത്തെക്കുറിച്ചും, അവന്റെ അത്ഭുതകരമായ സൗഖ്യത്തെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തല്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നു. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലൂടെയാണ് സ്നോഡന്റെ മകനായ കുഞ്ഞു ആഷറിന്റെ അത്ഭുതകരമായ രോഗശാന്തിയെക്കുറിച്ച് ലോകം അറിഞ്ഞത്. ഗര്‍ഭിണിയായി പതിനഞ്ചു ആഴ്ച കഴിഞ്ഞപ്പോഴാണ് ‘എന്‍സെഫാലോസെലെ’ എന്ന അപൂര്‍വ്വ രോഗത്തിനു തന്റെ ഉള്ളിലെ ശിശു അടിമയാണെന്ന സത്യം ഡോക്ടര്‍മാരില്‍ നിന്നും ജെന്നിഫര്‍ അറിയുന്നത്.

തലച്ചോറിന്റെ ഒരു ഭാഗം തലയോട്ടിക്ക് പുറത്തേക്ക് വരുന്ന വളരെ അപൂര്‍വ്വമായ ഒരു രോഗാവസ്ഥയായിരിന്നു അത്. ഇരുപത്തിമൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവും, കുടുംബവും, ഡോക്ടറും അടക്കം സര്‍വ്വരും അബോര്‍ഷന്‍ നടത്തുവാന്‍ അവളെ പ്രേരിപ്പിച്ചു. എന്നാല്‍ സ്നോഡനോട് ദൈവം ഒരു ഹെയര്‍സ്റ്റൈലിസ്റ്റിലൂടെ സംസാരിച്ചു. “ഉദരത്തില്‍വെച്ചും അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയും” എന്ന് പറഞ്ഞുകൊണ്ട് സ്നോഡന്റെ ഹെയര്‍സ്റ്റൈലിസ്റ്റ് അവള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി.

ഗര്‍ഭഛിദ്ര പേപ്പറുകള്‍ വലിച്ചു കീറിയ അവള്‍ ഓരോ രാത്രിയിലും വിശുദ്ധ യൌസേപ്പിതാവിന്റേയും, ഗര്‍ഭവതികളുടെ മാധ്യസ്ഥനായ വിശുദ്ധ ജെറാര്‍ഡിന്റേയും നൊവേന ചൊല്ലുന്നത് പതിവാക്കി. ദൈവം തന്റെ കുഞ്ഞിനെ സുഖപ്പെടുത്തുകയാണെങ്കില്‍ ഈ അത്ഭുതം ‘സതേണ്‍ ചാം’ പരമ്പരയിലൂടെ ലോകത്തെ അറിയിക്കും എന്ന് താന്‍ ദൈവത്തിനു വാഗ്ദാനം നല്‍കിയതായി സ്നോഡന്‍ വെളിപ്പെടുത്തി. പ്രസവത്തിന് രണ്ടു മാസം മുന്‍പ് നടത്തിയ എം‌ആര്‍‌ഐ സ്കാനിംഗിലാണ് ഉദരത്തില്‍ നടന്ന അത്ഭുതത്തെ കുറിച്ച് താന്‍ അറിയുന്നതെന്ന് സ്നോഡന്‍ പറയുന്നു.

ആഷറിന്റെ രോഗം പൂര്‍ണ്ണമായും ഭേദമായിരിക്കുന്നു. ആഷറിന്റെ തലച്ചോര്‍ സ്വയം ചികിത്സിക്കുന്നത് പോലെ സൗഖ്യപ്പെട്ടെന്നാണ് സ്നോഡന്‍ വിശേഷിപ്പിക്കുന്നത്. പ്രസവത്തിന് ശേഷം അഞ്ചാം ദിവസമാണ് അമ്മയും മകനും വീട്ടിലെത്തിയത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ള സ്ത്രീകള്‍ക്ക് പുതുപ്രതീക്ഷക്ക് കുഞ്ഞ് ആഷര്‍ കാരണമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്നോഡന്‍ പറഞ്ഞു.


Related Articles »