News - 2024

തട്ടികൊണ്ടുപോയ വൈദികന്‍റെ മോചനത്തിനായി ആഫ്രിക്കയില്‍ സമൂഹ പ്രാർത്ഥന

സ്വന്തം ലേഖകന്‍ 19-10-2018 - Friday

നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്നു തട്ടിക്കൊണ്ടുപ്പോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാകൂട്ടായ്മ. നിയാമെ രൂപതയിൽ ഒക്ടോബർ പതിനേഴ് മുതൽ പത്തൊൻപത് വരെയാണ് ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനം ചെയ്തിരിക്കുന്നത്. സൊസൈറ്റി ഫോർ ആഫ്രിക്കൻ മിഷൻ അംഗവും മകലോണ്ടി ഇടവക വൈദികനുമായ ഫാ. വിറ്റോ ഗിരോട്ടോയാണ് ഇക്കാര്യം വിശ്വാസ സമൂഹത്തെ അറിയിച്ചത്. ബൊമോങ്ക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ഫാ. പിയർലുയിജി മക്കാലിയെ സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രിയാണ് തട്ടിക്കൊണ്ട് പോയത്.

വൈദികനെ തട്ടിക്കൊണ്ടുപ്പോയ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾക്കെല്ലാം രൂപത സുരക്ഷയൊരുക്കിയതായി മിഷ്ണറി സഭാംഗം ഫാ. മൗറോ അർമാനിനോ അറിയിച്ചു. ബൊമോങ്ക, കൻകണി, മകലോണ്ടി പ്രദേശങ്ങളിൽ മെത്രാന് കീഴിലുള്ള വൈദിക സംഘമാണ് ശുശ്രൂഷകൾ നിർവഹിക്കുന്നത്. ഫാ. പിയർലൂയിജിയുടെ തിരോധാനം ഏവരെയും ഭയത്തിനിടയാക്കിയതായും പ്രാർത്ഥനയിൽ ഐക്യപ്പെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നിയാമെ രൂപതയുടെ കീഴിൽ മുപ്പത്തിയേഴ് വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്.

ഭീതിയുടെ നടുവിലും നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ചെയ്യുന്ന ഇടവകകളിൽ സുവിശേഷവത്ക്കരണത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വിവിധ പദ്ധതികൾ രൂപതയിലും ഇടവക തലത്തിലും സംഘടിപ്പിച്ചു വരുന്നുണ്ട്. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന കത്തോലിക്കരിൽ ഭൂരിഭാഗം വിദേശിയരാണ്. വിശ്വാസി സമൂഹത്തെ സഹായിക്കാനായി നിരവധി വിദ്യാലയങ്ങളും ആതുരാലയങ്ങളും സന്നദ്ധ സംഘടനകളും സഭ നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് ഫാ. പിയർലുയിജി മക്കാലിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപ്പോയത്.


Related Articles »