News - 2024

ക്രിസ്ത്യന്‍ വിരുദ്ധ പരസ്യവുമായി പാക്ക് ചാനല്‍: പ്രതിഷേധത്തിന് ഒടുവില്‍ ക്ഷമാപണം

സ്വന്തം ലേഖകന്‍ 09-11-2018 - Friday

കറാച്ചി: പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മതവികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ സീരിയൽ പരസ്യം ചെയ്ത ജിയോ ടിവി കടുത്ത പ്രതിഷേധങ്ങള്‍ക്കു ഒടുവില്‍ ക്ഷമാപണം നടത്തി, പരസ്യം പിന്‍വലിച്ചു. ‘മരിയ ബിന്ത് ഇ അബ്ദുള്ള’ എന്ന തങ്ങളുടെ പുതിയ പരമ്പരയുടെ പരസ്യമാണ് ചാനലിനെ വിവാദത്തിലേക്ക് നയിച്ചത്. ക്രിസ്ത്യാനിയായ മാതാവിന്റെയും, മുസ്ലീമായ പിതാവിന്റെയും മകളായ മരിയയുടെ കഥയാണ് പരമ്പര പറയുന്നത്. ക്രിസ്ത്യാനികളെ താഴ്ത്തികെട്ടുന്ന ഉള്ളടക്കമാണ് സീരിയലിന്റേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ട്രെയിലര്‍. ഇതാണ് ക്രൈസ്തവരുടെ പ്രതിഷേധത്തിനു കാരണമായത്.

പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്സ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്‌ (NCJP) കീഴിലുള്ള ശക്തമായ പ്രതിഷേധത്തിനായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് കറാച്ചി സാക്ഷ്യം വഹിച്ചത്. ഇത്തരം ടിവി സീരിയലുകള്‍ പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ വെറുപ്പിനും വിദ്വേഷത്തിനും കാരണമാകുമെന്ന് കറാച്ചി രൂപതയുടെ വികാര്‍ ജനറലായ ഫാ. സാലെ ഡീഗോ ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഒക്ടോബര്‍ 31ന് കറാച്ചിയിലെ സെന്റ്‌ പാട്രിക് കത്തീഡ്രലില്‍ വെച്ച് ക്രിസ്ത്യന്‍ നേതാക്കളും, ജിയോ ടിവി എക്സിക്യൂട്ടീവുകളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ്‌ ജിയോ ടിവി മാപ്പ് പറഞ്ഞത്.

ക്രൈസ്തവ സമൂഹത്തിന്റെ വേദനയെ തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും, ഈ പ്രശ്നം തങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കുമെന്നും, മതവികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലുള്ള യാതൊന്നും സീരിയലില്‍ ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കികൊണ്ട് ഉടന്‍ തന്നെ ജിയോ ടിവി ക്രിസ്ത്യന്‍ സമുദായത്തിനു കത്തയക്കുമെന്നു ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള കഡ്വാനി വ്യക്തമാക്കി. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ന്യൂനപക്ഷമാണെങ്കിലും പാക്ക് ചാനലിനെ കൊണ്ട് മതവിരുദ്ധ പരാമര്‍ശമുള്ള പരസ്യം പിന്‍വലിപ്പിച്ചതു ക്രൈസ്തവ സമൂഹത്തിന്റെ ഐക്യമാണ് എടുത്തുക്കാട്ടുന്നത്.

More Archives >>

Page 1 of 384