News - 2024

ബ്രിട്ടനിലെ സീറോമലബാര്‍ ദേവാലയത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; പോലീസ് ശക്തമായ നടപടി സ്വീകരിക്കും

സ്വന്തം ലേഖകന്‍ 08-11-2018 - Thursday

ലീഡ്‌സ്: ബ്രിട്ടിനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ യോഗത്തിനായി പുറത്തുപോയ അവസരത്തിലാണ് ദേവലയക്കിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതിലും തകര്‍ത്ത അക്രമികള്‍ ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് തടച്ചുകൂടി.

ഫാ. മാത്യു മുളയോലിയുടെ പരാതിയേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അര്‍ധരാത്രിയിലും തെളിവെടുപ്പുകളും മറ്റു നടപടിക്രമങ്ങളും ആരംഭിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അക്രമികളെ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിലും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ അക്രമികള്‍ക്ക് എതിരെ സാക്ഷിമൊഴികളുമായി ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും പലരും മുന്നോട്ട് വന്നതും ശ്രദ്ധേയമായി.

ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ വിശ്വാസതീഷ്ണത അടുത്തറിഞ്ഞ ലീഡ്‌സ് രൂപതയാണ് നാലു വർഷം മുൻപ് സെന്റ് വില്‍ഫ്രഡ് ചര്‍ച്ച് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി വിട്ടുനല്‍കിയത്. വിവിധ ആരാധനാ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സഭാ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തി ബ്രിട്ടനില്‍ മാതൃകയായതാണ് ലീഡ്‌സിലെ സീറോ മലബാര്‍ സഭ.


Related Articles »