News - 2024

ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾ വഴിതെറ്റാൻ സാധ്യതയുണ്ടെന്ന് കർദ്ദിനാൾ നിക്കോൾസ്

അഗസ്റ്റസ് സേവ്യർ 10-03-2016 - Thursday

ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾ വഴിതെറ്റാൻ സാധ്യതയുണ്ടെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് മുന്നറിയിപ്പ് നൽകുന്നു. ലണ്ടനിലെ മെത്രാൻ മന്ദിരത്തിൽ നടന്ന യോഗത്തിലാണ് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്, UK ഗവണ്മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതികളിലെ പാകപ്പിഴകളെ പറ്റി പരാമർശിച്ചത്. യഹൂദരുടെ മുഖ്യ റാബി എഫ്രീം മിർവീസ്, ഇസ്ലാമിക് പണ്ഡിതൻ മൗലാന സയ്ദ് അലി റാസ റിസ്വി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

"സർഗാത്മക ന്യൂനപക്ഷമായി UK -യിലെ ജീവിതം" എന്ന വിഷയമായിരുന്നു യോഗം ചർച്ച ചെയ്തത്. ബ്രിട്ടീഷ് മൂല്യങ്ങളുടെ നിർവചനം കൂടുതൽ ആഴത്തിൽ നിർവ്വഹിക്കേണ്ടതാണ് എന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

മുൻകൂട്ടിയുള്ള ഭീകരവിരുദ്ധ നീക്കങ്ങൾ ന്യൂനപക്ഷങ്ങളെ ശത്രുക്കളാക്കി മാറ്റും എന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകർ സംശയിക്കപ്പെടേണ്ട വിദ്യാർത്ഥികളുടെ പേരുകൾ പോലീസിന് കൈമാറിയ സംഭവം ഒരു ഉദ്ദാഹരണം മാത്രമാണ്.

സമൂഹത്തിലെ വിവിധ തലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ ലംഘനങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

വിശ്വാസം നഷ്ടമായ, അസംതൃപ്തനായ ഒരു ബാലനോ യുവാവോ ഭീകരനായി മാറാൻ വെറും ഒരു മാസം മതിയാകും എന്ന്, ജനുവരിയിൽ കത്തോലിക്കാ അദ്ധ്യാപകർക്കുള്ള ഒരു യോഗത്തിൽ കർദ്ദിനാൾ നിക്കോൾസ് അഭിപ്രായപ്പെട്ടിരുന്നു.

ഗവണ്മെന്റ് തുടർച്ചയായി ബ്രിട്ടീഷ് മൂല്യങ്ങളെ പറ്റി പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. അഭ്യന്തര സെക്രട്ടറി തെരേസ മേ, ബ്രിട്ടീഷ് മൂല്യങ്ങളെ ഇങ്ങനെയാണ് നിർവചിക്കുന്നത്: 'നിയമത്തോട് ബഹുമാനം, ജനാധിപത്യത്തിൽ വിശ്വാസവും പ്രവർത്തനങ്ങളും, സമത്വ ഭാവന, ആശയ വിനിമയത്തിനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ ബഹുമാനം എന്നിവയാണ് ബ്രിട്ടീഷ് മൂല്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതിൽ ഏതിന്റെയെങ്കിലും തിരസ്ക്കരണം ഭീകരവാദമാണെന്ന് അനുമാനിക്കണം.'

ബ്രിട്ടീഷ് മൂല്യങ്ങൾ അല്പം കൂടി ആഴമുള്ളതാണെന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ആത്മീയതയും അതീന്ദ്രിയ അനുഭവങ്ങളും ഉൾപ്പടെയുള്ളതാണ് ബ്രിട്ടീഷ് മൂല്യങ്ങൾ.

ബാലിശമായ കാരണങ്ങൾ കൊണ്ട് വ്യക്തികൾ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്ന അവസരങ്ങളുണ്ട് എന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ധ്യാപകർ സംശയിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പേര് പോലീസിനു കൈമാറണം എന്ന നിയമമനുസരിച്ച്, 'എക്കോ- ടെ റോറിസം' എന്ന വാക്കുപയോഗിച്ചു എന്ന കാരണത്താൽ ഒരു പതിനാലുകാരൻ ക്ലാസിൽ നിന്നും പുറത്താക്കപ്പെടുകയും ISIS അംഗമെന്ന നിലയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തത് കർദ്ദിനാൾ വിവരിച്ചു. ഈ അവിശ്വാസം വ്യക്തിയെ ഭീകരതയിലേക്ക് നയിക്കും, കർദ്ദിനാൾ നിക്കോൾസ് പറഞ്ഞു.

സ്വവർഗ വിവാഹത്തിന് എതിരു നിൽക്കുന്ന അദ്ധ്യാപകർ തീവ്രവാദികളായി ചിത്രീകരിക്കപ്പെടാം എന്ന് കൺസർവേറ്റീവ് MP മാർക്ക് സ്സെൻസർ അഭിപ്രായപ്പെട്ടു.

മതനിരപേക്ഷത എന്ന പേരിൽ എല്ലാ മതങ്ങളേയും ബഹിഷ്ക്കരിക്കണമെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഈ നിയമങ്ങളുടെ മറവിൽ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്ന് കർദ്ദിനാൾ നിക്കോൾ സ് പറഞ്ഞു.

"മതത്തെ സ്വകാര്യവൽക്കരിച്ച് ദൈവം തന്നെ സമൂഹത്തിന് ആവശ്യമില്ല എന്ന ചിന്താഗതി മനുഷ്യന്റെ നന്മയുടെ ഭാവങ്ങൾ നശിപ്പിക്കാൻ ഇടയാക്കും." അദ്ദേഹം പറഞ്ഞു.