News - 2025
കത്തോലിക്ക വിശ്വാസം പാപ്പയുടെയോ മെത്രാന്റെയോ സ്വകാര്യ സ്വത്തല്ല: ബിഷപ്പ് ഷ്നീഡര്‍
സ്വന്തം ലേഖകന്‍ 27-11-2018 - Tuesday
വെസ്റ്റ് വെര്‍ജീനിയ: കത്തോലിക്ക വിശ്വാസം ഏതെങ്കിലും പാപ്പയുടെയോ മെത്രാന്റെയോ അജപാലകന്റെയോ പുരോഹിതന്റെയോ, സ്വകാര്യ സ്വത്തല്ലെന്ന് ഖസാഖിസ്ഥാനിലെ അസ്താനയിലെ സഹായക മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. വെസ്റ്റ് വെര്‍ജീനിയയിലെ വെയിര്‍ട്ടോണില്‍ വെച്ച് നടന്ന ‘കത്തോലിക് ഐഡന്റിറ്റി കോണ്‍ഫറന്‍സ് 2018’നായി തയ്യാറാക്കിയ വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പസ്തോലന്മാരില്‍ തുടങ്ങി, പിതാക്കന്മാര്‍, വേദപാരംഗതന്മാര്‍, വിശുദ്ധര്‍ തുടങ്ങിയവരിലൂടെ കൈമാറപ്പെട്ട വിശ്വാസം, എല്ലാക്കാലത്തിനും, പ്രദേശങ്ങള്‍ക്കും കത്തോലിക്ക തലമുറകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നിരന്തരം പഠിപ്പിക്കുകയും, വിശ്വസിക്കുകയും ചെയ്തു വരുന്ന കത്തോലിക്കാ വിശ്വാസത്തില്‍ മാറ്റം വരുത്തുവാനോ, തകര്‍ക്കുവാനോ, പുനര്‍വ്യാഖ്യാനം നടത്തുവാനോ സാധ്യമല്ല. ഇത്തരത്തിലുള്ള ചില നീക്കങ്ങള്‍ ഈ അടുത്തകാലത്തുണ്ടായത് ഖേദകരമാണ്. ഇന്നലെയും, ഇന്നും, എക്കാലവും നിലനില്‍ക്കുന്ന യേശുവാണ് നമ്മുടെ മാതൃക. ആ മാതൃകയില്‍ നിന്നും ഒരു വ്യതിചലനവും പാടില്ല. സഭാധികാരികള്‍ക്ക് മുന്‍പേ ഉണ്ടായതാണ് വിശ്വാസം. വിശ്വാസത്തില്‍ ജീവിക്കുന്ന ആദ്യവ്യക്തികളെന്ന നിലയില്‍ സഭാധികാരികളെ വിശ്വാസം വിശേഷപ്പെട്ടവരാക്കുന്നുണ്ടെങ്കിലും, വിശ്വാസത്തെ അതിന്റെ പൂര്‍ണ്ണതയോട് കൂടി വിശ്വാസികള്‍ക്ക് കൈമാറുകയാണ് സഭാധികാരികള്‍ ചെയ്യേണ്ടതെന്നും മെത്രാന്‍ പറഞ്ഞു.
കത്തോലിക്ക വിശ്വാസത്തെ ശക്തമായി മുറുകെ പിടിക്കുന്ന ബിഷപ്പ് ഷ്നീഡര്‍, സഭാ വക്താക്കളായ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്രി ന്യൂമാന്‍, ഹിലൈര്‍ ബെല്ലോക്ക്, ജുവാന്‍ ഡോണോസൊ കോര്‍ട്ടെസ്, പിയൂസ് പത്താമന്‍ പാപ്പ തുടങ്ങിയ സഭാ പ്രഗല്‍ഭരുടെ വിലപ്പെട്ട പ്രബോധനങ്ങളും, വിശ്വാസ സംരക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഇടകലര്‍ത്തിയാണ് അവതരിപ്പിച്ചത്. ദൈവം നമുക്ക് നല്‍കിയ ഏറ്റവും അമൂല്യവും, മനോഹരവുമായ സമ്മാനമായ കത്തോലിക്കാ വിശ്വാസത്തില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നും വിശ്വാസത്തിന് വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയാറാകണമെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു.