Arts - 2025
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാപ്പനീസ് ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി
സ്വന്തം ലേഖകന്‍ 28-11-2018 - Wednesday
ടോക്കിയോ: ജപ്പാനില്‍ ടോക്കിയോക്ക് സമീപമുള്ള കനാഗാവായിലെ ഒയീസോ പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി. ജപ്പാനിലെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്നുമാണ് പാരമ്പര്യ ശൈലിയില്‍ ചെയ്തിട്ടുള്ള പെയിന്‍റിംഗ് കണ്ടെത്തിയിരിക്കുന്നത്. 22 സെന്റിമീറ്റര്‍ വീതിയും 3 മീറ്റര്‍ നീളവുമുള്ള ‘വാഷി’ പേപ്പറില്‍ ചെയ്തിരിക്കുന്ന പെയിന്റിംഗ് ഹിസ്റ്ററി മ്യൂസിയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.
മംഗളവാര്‍ത്ത, പെന്തക്കോസ്താനുഭവം തുടങ്ങിയ സംഭവങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ട് യേശുവും, പരിശുദ്ധ കന്യകാമാതാവുമായും ബന്ധപ്പെട്ട 15 രംഗങ്ങളാണ് പെയിന്റിംഗില്‍ ഉള്ളത്. ലത്തീന്‍ പ്രാര്‍ത്ഥനകള്‍ എന്ന് കരുതപ്പെടുന്ന എഴുത്തുകളും പെയിന്റിംഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1592 എന്ന് താഴെ ആലേഖനം ചെയ്തിരിക്കുന്നത് പെയിന്റിംഗ് ചെയ്ത വര്‍ഷമാണെന്നാണ് വിദഗ്ദ്ധരുടെ അനുമാനം.
1592-നും നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജപ്പാനില്‍ ക്രിസ്തുവിന്റെ സുവിശേഷം എത്തുന്നത്. അക്കാലത്തെ ജപ്പാനിലെ ക്രിസ്ത്യാനികള്‍ പാശ്ചാത്യ ക്രിസ്ത്യന്‍ പെയിന്റിംഗുകള്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായി പുനര്‍ നിര്‍മ്മിക്കുകയായിരുന്നുവെന്ന് വിദഗ്ദര്‍ പറയുന്നു. ജപ്പാന്‍ ക്രിസ്ത്യാനികളുടെ പെയിന്റിംഗുകളില്‍ ഏറ്റവും പഴക്കമുള്ളവയില്‍ ഉള്‍പ്പെടുന്നതാണ് ഈ പെയിന്റിംഗെന്ന് ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഒസാമു ഇനൌ പറഞ്ഞു. നിലവില്‍ കണ്ടെത്തിയതില്‍ പ്രാര്‍ത്ഥനയോട് കൂടിയ ആദ്യ പെയിന്റിംഗാണിതെന്നും, അക്കാലത്തെ ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട കണ്ടുപിടിത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](/images/close.png)