News - 2024

നിക്കരാഗ്വയില്‍ കത്തോലിക്ക വൈദികനു നേരെ ആസിഡ് ആക്രമണം

സ്വന്തം ലേഖകന്‍ 07-12-2018 - Friday

മനാഗ്വേ: അമേരിക്കൻ രാഷ്ട്രമായ നിക്കരാഗ്വയില്‍ കത്തോലിക്ക വൈദികനു നേരെ ആസിഡ് ആക്രമണം. ഡിസംബര്‍ 5 വൈകുന്നേരം നടന്ന സംഭവത്തിൽ മനാഗ്വേ കത്തീഡ്രൽ വികാരിയായ ഫാ.മാരിയോ ഗുവേറയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. കുമ്പസാരിപ്പിക്കുകയായിരുന്ന വൈദികനു നേരെ ഇരുപത്തിനാലുകാരിയായ യുവതി സൾഫ്യൂരിക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും സാരമായ പൊള്ളലേറ്റ വൈദികനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

അക്രമത്തിന് ശേഷം കത്തീഡ്രലിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ജനക്കൂട്ടം തടഞ്ഞുവെച്ചു. പിന്നീട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു. ഫാ.മാരിയോയുടെ സൗഖ്യത്തിനും മറ്റു വൈദികരുടെ സംരക്ഷണത്തിനും വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കലാപത്തിന്റെ അലയൊലികള്‍ അവസാനിക്കാത്ത നിക്കരാഗ്വയില്‍ സമാധാനത്തിനുള്ള ശ്രമം നടത്തുന്ന കത്തോലിക്ക സഭക്ക് നേരെ ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.

സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ സമാധാന ഉടമ്പടി ശ്രമങ്ങൾ നടന്നു വരികയാണ്.


Related Articles »