News - 2024

ലോക യുവജന സംഗമം: ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് 1300 യുവതീ യുവാക്കള്‍

സ്വന്തം ലേഖകന്‍ 10-12-2018 - Monday

പാരീസ്: അടുത്ത വര്‍ഷം പനാമയില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് 1300 യുവതീ യുവാക്കള്‍. സംഘത്തില്‍ 780 യുവതികളും 520 യുവാക്കളുമാണുള്ളത്. ഇവരെ കൂടാതെ ഫ്രാന്‍സിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും 70 യുവാക്കള്‍കൂടി വ്യക്തിപരമായി പനാമയിലെ മഹാസംഗമത്തിനു പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യാത്രയ്ക്കുമുന്‍പ് യുവജനങ്ങള്‍ അതാതു രൂപതകളില്‍ ഒരാഴ്ച ഒത്തുകൂടി ആത്മീയമായ ഒരുക്കങ്ങള്‍ നടത്തും. അതേസമയം ലോകയുവജനോത്സവത്തിന്‍റെ സന്നദ്ധസേവകരാകാന്‍ ഫ്രാന്‍സില്‍ നിന്നുമുള്ള ആറ് പേര്‍ ഒരു മാസമായി പനാമയിലെ ഒരുക്കങ്ങളില്‍ വ്യാപൃതരാണ്.

2019 ജനുവരി 22 മുതല്‍ 27 വരെയാണ് ലോക യുവജന സമ്മേളനം നടക്കുന്നത്. ദൈവദൂതന്റെ അറിയിപ്പ്, മറിയത്തിന്റെ പ്രതികരണം, സ്തോത്രഗീതം എന്നീ വിഷയങ്ങള്‍ ചേര്‍ത്തുവച്ചാണ് ലോക യുവജന ദിന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയത്തെ തീരുമാനിച്ചിരിക്കുന്നത്. 'ഇതാ കര്‍ത്താവിന്റെ ദാസി എന്റെ വാക്ക് നിന്നില്‍ നിറവേറട്ടെ' എന്ന മറിയത്തിന്റെ വചനമാണ് സമ്മേളനത്തില്‍ പ്രധാനമായും ധ്യാനിക്കുക. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ യുവജന കമ്മീഷന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »