News - 2024

ഐ‌എസ് തീവ്രവാദികൾ കൊന്നൊടുക്കിയ ക്രൈസ്തവരുടെ കുഴിമാടങ്ങൾ കണ്ടെത്തി

സ്വന്തം ലേഖകന്‍ 28-12-2018 - Friday

ട്രിപോളി: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കൊന്നു കുഴിച്ചുമൂടിയ 34 ഏതോപ്യൻ ക്രൈസ്തവരുടെ കുഴിമാടങ്ങൾ ലിബിയയിൽ കണ്ടെത്തി. ലിബിയയിലെ ആഭ്യന്തര മന്ത്രാലയമാണ് തിങ്കളാഴ്ച ഇതിനെ സംബന്ധിച്ച് വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2015-ൽ ഇരുപത്തിയെട്ട് എതോപ്യൻ ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വധിക്കുന്ന വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ലിബിയയിലെ സിർട്ടെ നഗരത്തിൽ നിന്നാണ് ഏതോപ്യൻ ക്രൈസ്തവരുടെ ശരീരങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. 2016 ഡിസംബർ മാസം ലിബിയയിലെ യുഎൻ അംഗീകരിച്ച സർക്കാരിനോട് കൂറുള്ള സൈന്യം സ്ഥലത്തുനിന്നും തുരത്തുന്നതുവരെ പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ കീഴിലായിരുന്നു.

സിർട്ടെ നഗരം തിരിച്ചു പിടിക്കാനായി നടത്തിയ സൈനിക നടപടികൾക്കിടയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നിന്നാണ് ഈ കുഴിമാടങ്ങളെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. നിയമ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ചതിനു ശേഷം മൃതശരീര അവശിഷ്ട്ടങ്ങള്‍ സ്വദേശത്തേക്ക് മടക്കി അയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 2015-ല്‍ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചു ഇരുപത്തിയൊന്ന് കോപ്റ്റിക് ക്രൈസ്തവരെയും ഇസ്ളാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിന്നു. ഇവരുടെ മൃതശരീരത്തിന്റെ അവശിഷ്ട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്.


Related Articles »