India - 2024

സാത്താന്റെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം: മാര്‍ തോമസ് തറയില്‍

സ്വന്തം ലേഖകന്‍ 02-01-2019 - Wednesday

മണിമല: സാത്താന്റെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 42 ാമത് മണിമല ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍. തമ്പുരാന്‍ ഉള്ളിടത്ത് സാത്താന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നും തിന്മ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

സ്വര്‍ഗീയ ഇടങ്ങളിലെല്ലാം തിന്മയുടെ ശക്തി ഉണ്ട്. ദുഷ്ടതയുടെ പ്രവര്‍ത്തനത്തെപ്പറ്റി നല്ല ബോധ്യമുണ്ടാകണമെന്നും സഭാ തലവന്‍ മുതല്‍ കുടുംബനാഥന്‍ വരെ എല്ലാവരും സഭയോട് വിധേയപ്പെട്ടിരിക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു. ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി മണിമല സെന്റ് ബേസില്‍ പള്ളിയില്‍ നിന്ന് മണിമല ഫൊറോനായുടെ കീഴിലുളള 11 ഇടവകകൂട്ടായ്മയുടെ നേതൃത്വത്തില്‍ വിശ്വാസപ്രഘോഷണ ജപമാല റാലി നടത്തി.

ഇടവക വികാരിമാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും വിവിധ ഭക്തസംഘടന പ്രവര്‍ത്തകരും നേതൃത്വം നല്‍കി. സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ നഗറില്‍ (മണിമല പഞ്ചായത്ത് സ്‌റ്റേഡിയം) എത്തി റാലിക്കുശേഷം ജനറല്‍ ചെയര്‍മാന്‍ ഫാ. ജോര്‍ജ് കൊച്ചുപറന്പില്‍ പതാക ഉയര്‍ത്തി. നാല്പ്പത്തിരണ്ടാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ 42 തിരികള്‍ തെളിച്ചു. രണ്ടാം ദിവസമായ ഇന്ന് തുരുത്തി കാനാ കൗണ്‍സിലിംഗ് സെന്റര്‍ വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് കോയിപ്പളളി വചനസന്ദേശം നല്‍കും.


Related Articles »