Life In Christ

എപ്പിസ്‌കോപ്പൽ സഭയിലെ പ്രമുഖ വൈദികന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 02-01-2019 - Wednesday

ടെന്നസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ എപ്പിസ്കോപ്പൽ സഭയിലെ പ്രമുഖ വൈദികന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. എപ്പിസ്‌കോപ്പൽ സഭയുടെ ടെന്നസി രൂപതയിലെ ആൻഡ്രൂ പെറ്റിപ്രിൻ എന്ന വൈദികനാണ് ഇന്നലെ ജനുവരി ഒന്നിന് കുടുംബസമേതം ജ്ഞാനസ്നാനത്തിലൂടെ തിരുസഭയെ പുല്‍കിയത്. നാഷ്‌വിലിലെ സെന്‍റ് പാട്രിക് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ജ്ഞാനസ്നാനത്തോടൊപ്പം സ്ഥൈര്യലേപനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി.

എപ്പിസ്‌കോപ്പൽ രൂപതയിലെ സ്ഥാനമാനങ്ങൾ രാജിവെച്ചതായും 2019 തന്റെ കുടുംബത്തോടൊപ്പം കത്തോലിക്കാ സഭയിൽ ആരംഭിക്കുമെന്നും പെറ്റിപ്രിൻ നേരത്തെ ഫേസ്ബുക്കിലൂടെയാണ് എല്ലാവരെയും അറിയിച്ചത്. എട്ടു വർഷമായി എപ്പിസ്‌കോപ്പൽ വൈദികനായി ശുശ്രൂഷ ചെയ്ത അദ്ദേഹം എപ്പിസ്കോപ്പല്‍ വിശ്വാസപരമായ കാര്യങ്ങളിൽ യാഥാസ്ഥികമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. 2017 ജൂണിലാണ് മധ്യ ടെന്നസിയിൽ പ്രവർത്തിക്കുന്ന എപ്പിസ്‌കോപ്പൽ രൂപതയിൽ ബിഷപ്പ് ജോൺ ബാരസ്മിഡ്തിന്റെ സഹായിയായി അദ്ദേഹം ചുമതലയേറ്റത്.

സ്വവർഗ്ഗവിവാഹത്തെ അംഗീകരിച്ചു കൊണ്ടുള്ള എപ്പിസ്‌കോപ്പൽ സഭയുടെ നടപടികളോട് കടുത്ത എതിർപ്പു അദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. പരിശുദ്ധ അമ്മയിലുള്ള കത്തോലിക്കരുടെ വിശ്വാസവും ജപമാലയും മറ്റ് വിശുദ്ധരെ വണങ്ങുന്നതും ജീവിതത്തിന് ശക്തിപകരുന്നതാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയ്ക്കും സകല വിശുദ്ധര്‍ക്കും ലോകമെമ്പാടു നിന്നും തങ്ങള്‍ക്ക് ധൈര്യവും പ്രാര്‍ത്ഥനയും നല്‍കിയവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Posted by Pravachaka Sabdam on 

Related Articles »