India

ആയിരങ്ങളെ സാക്ഷിയാക്കി രാമപുരം പുതിയ ദേവാലയം കൂദാശ ചെയ്തു

സ്വന്തം ലേഖകന്‍ 14-01-2019 - Monday

രാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടം കുടികൊള്ളുന്ന മണ്ണില്‍ രാമപുരത്തെ ആയിരങ്ങളെ സാക്ഷിയാക്കി വിശുദ്ധ ആഗസ്തീനോസിന്റെ നാമധേയത്തിലുള്ള പുതിയ ദേവാലയം കൂദാശ ചെയ്തു. കര്‍ദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൂദാശകര്‍മങ്ങള്‍ നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് പള്ളിയങ്കണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയേയും ബിഷപ്പുമാരെയും സ്വീകരിച്ചു.

ദേവാലയത്തിന്റെ ആനവാതില്‍ തുറന്ന് അകത്തു പ്രവേശിച്ച കാര്‍മികര്‍ പ്രദക്ഷിണമായി മദ്ബഹയിലെത്തിയപ്പോള്‍ സെന്റ് അഗസ്റ്റിന്‍സ് ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിതെളിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൂദാശ കര്‍മങ്ങള്‍ ആരംഭിച്ചു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ ആര്‍ച്ച് ഡീക്കനും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ നടുത്തടം മാസ്റ്റര്‍ ഓഫ് സെറിമണിയുമായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി. വൈദികരും സന്യസ്തരും വിശിഷ്ടാതിഥികളും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.


Related Articles »