News - 2024

ആഗോള ക്രൈസ്തവ സഭൈക്യവാരത്തിന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 18-01-2019 - Friday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ സഭൈക്യവാരത്തിന് ഇന്നു ആരംഭമാകും. ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ഐക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പുരോഹിതരെയും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മാര്‍പാപ്പയുടെ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. 25-വരെയാണ് സഭൈക്യവാര ശുശ്രൂഷകള്‍ നടക്കുക. ആചരണത്തിന്റെ ഭാഗമായി കേരളത്തിലും വിവിധ ശുശ്രൂഷകള്‍ നടക്കുന്നുണ്ട്.

ക്രൈസ്തവ സഭകളുടെ ഐക്യപ്രസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം ആറിനു പാറ്റൂര്‍ മാര്‍ത്തോമ ദേവാലയത്തില്‍ അഷ്ടദിന പ്രാര്‍ത്ഥനയ്ക്ക് പള്ളി വികാരിയും യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആത്മീയ ഉപദേഷ്ടാവുമായ റവ. ഡോ. എം.ഒ. ഉമ്മന്‍ നേതൃത്വം നല്‍കും. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ തിരുവനന്തപുരം ബിഷപ്പ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യുന്ന പ്രാര്‍ത്ഥനായോഗത്തില്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. കുര്യന്‍ ചാലങ്ങാടി സന്ദേശം നല്‍കും.

19നു വൈകുന്നേരം ആറിനു പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ ദേവാലയത്തില്‍ ചേരുന്ന പ്രാര്‍ഥനയ്ക്ക് പേരൂര്‍ക്കട എബനെസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ജിജോ വര്‍ഗീസ് സന്ദേശം നല്‍കും. വികാരി ഫാ. ജോണ്‍ വടക്കേകളം അധ്യക്ഷത വഹിക്കും. 20നു വൈകുന്നേരം ആറിനു പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. സഖറിയാ കളരിക്കാട് നേതൃത്വം നല്‍കും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുന്‍ ഡയറക്ടര്‍ പ്രഫ. ഡോ. ജോര്‍ജ് വര്‍ഗീസ് സന്ദേശം നല്‍കും.

21നു പേരൂര്‍ക്കട സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തില്‍ വികാരി റവ. ഡോ. ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ് അധ്യക്ഷത വഹിക്കുന്ന പ്രാര്‍ഥനാ യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സന്റ് സാമുവല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കാര്‍മല്‍ ആശ്രമത്തിലെ റവ. ഫാ. കുര്യന്‍ ആലുങ്കല്‍ ഒസിഡി സന്ദേശം നല്‍കും. 22നു വൈകുന്നേരം ആറിനു നന്തന്‍കോട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വികാരി മോണ്‍. യൂജിന്‍ പെരേര അധ്യക്ഷത വഹിക്കും.

പേരൂര്‍ക്കട സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി റവ. ഡോ. ജോസഫ് സാമുവേല്‍ കറുകയില്‍ സന്ദേശം നല്‍കുന്നു. 23നു വൈകുന്നേരം ആറിനു ബോര്‍ട്ടണ്‍ഹില്‍ സെന്റ് പയസ് ദേവാലയത്തില്‍ വികാരി ഫാ. ബിനീഷ് മണ്‍കോട്ടില്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ഥനയില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

24നു വൈകുന്നേരം ആറിനു കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ദേവാലയത്തില്‍ ക്യാപ്റ്റന്‍ റെജിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രാര്‍ഥന യോഗത്തില്‍ എംഎം ചര്‍ച്ച് സഹവികാരി ഫാ. റോഹന്‍ സന്ദേശം നല്‍കും. 25നു വൈകുന്നേരം ആറിനു പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ജോണ്‍ പടിപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രാര്‍ഥനാ യോഗത്തില്‍ മലങ്കര രൂപത മെത്രാന്‍ റവ. തോമസ് മാര്‍ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.

More Archives >>

Page 1 of 406