News - 2025
മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുളള പുസ്തകം പുറത്തിറങ്ങി
സ്വന്തം ലേഖകന്‍ 18-01-2019 - Friday
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ചുളള പ്രത്യേക പുസ്തകം പുറത്തിറങ്ങി. 'മീറ്റ് പോപ്പ് ഫ്രാൻസിസ് ഇൻ ദി യുഎഇ' എന്നു പേരു നല്‍കിയിരിക്കുന്ന പുസ്തകം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പോൾ ഹിൻഡറാണ് പ്രകാശനം ചെയ്തത്. ഫ്രാൻസിസ് പാപ്പയുടെ വരവിനായി കാത്തിരിക്കുന്ന കുട്ടികളെ പ്രധാനമായും ലക്ഷ്യം വച്ചുള്ളതാണ് പുതിയ പുസ്തകം. പാപ്പയെ കാണാനും, ഫെബ്രുവരി അഞ്ചാം തീയതി സൈദ് സ്പോർട്സ് സിറ്റിയിൽ പാപ്പ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കാനുമായി ആകാംക്ഷയോടെയാണ് കുട്ടികൾ കാത്തിരിക്കുന്നത്.
ഏതാനും കുട്ടികളെ തങ്ങൾ പുസ്തകം കാണിച്ചുവെന്നും ഫുട്ബോളിനെയും മറ്റും പാപ്പ സ്നേഹിച്ചിരുന്നു എന്നും പറഞ്ഞപ്പോൾ അവർക്ക് വലിയ ആകാംക്ഷയാണ് ഉണ്ടായതെന്നു ബിഷപ്പ് പോൾ ഹിൻഡറിന്റെ സെക്രട്ടറിയായ ഫാ. ഗൺഡോൾഫ് വൈൽഡ് പറഞ്ഞു. ഇരുപത്തയ്യായിരത്തോളം കുട്ടികളാണ് യുഎഇയിലെ വിവിധ ദേവാലയങ്ങളിൽ അവധി ദിവസങ്ങളിൽ വേദപാഠ ക്ലാസ്സുകളിൽ എത്തുന്നത്. പുതിയ പുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനിവരുന്ന ഞായറാഴ്ചകളിൽ അധ്യാപകർ ക്ലാസുകൾ നയിക്കുക.
ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് പ്രാധാന്യത്തെപ്പറ്റിയും അറേബ്യയിലെ സഭയ്ക്കു ഇതു നല്‍കാന്‍ പോകുന്ന ആത്മീയ അനുഗ്രഹങ്ങളെ പറ്റിയും അധ്യാപകർ കുട്ടികളോട് വിശദീകരിക്കും. വേദപാഠ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പുസ്തകം സൗജന്യമായാണ് നല്‍കുക. ഇടവകകളിലെ മറ്റു വിശ്വാസികൾക്കും വളരെ കുറഞ്ഞ തുകയ്ക്ക് പുസ്തകം വാങ്ങാൻ സാധിക്കുമെന്ന് ഫാ. ഗൺഡോൾഫ് വൈൽഡ് പറഞ്ഞു. ഇതുവരെ പുസ്തകത്തിന്റെ അമ്പതിനായിരത്തോളം കോപ്പികളാണ് അച്ചടിക്കപ്പെട്ടത്. ഫെബ്രുവരി 3 മുതൽ 5 വരെയാണ് അറേബ്യന്‍ മണ്ണിലെ ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം നടക്കുക.