News - 2024

ഒന്‍പത് ബൈബിളുകളുമായി ഒഹിയോ ഗവര്‍ണറിന്റെ സത്യപ്രതിജ്ഞ

സ്വന്തം ലേഖകന്‍ 17-01-2019 - Thursday

ഒഹിയോ: വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധാരണ കാര്യമല്ലെങ്കിലും, പുതിയ ഒഹിയോ ഗവര്‍ണറായ മൈക്ക് ഡെ വൈനിന്റെ സത്യപ്രതിജ്ഞ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തന്റെ ഭാര്യയുടെ കൈയിലെ ഒന്‍പതു ബൈബിളുകളില്‍ കരങ്ങള്‍വെച്ചാണ് റിപ്പബ്ലിക്കന്‍ അംഗവും എഴുപത്തിരണ്ടുകാരനുമായ ഡെ വൈന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒഹിയോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്.

ഡെ വൈനിന്റെ അമ്മയായ ജീന്‍ ഡെ വൈന്‍, നിര്യാതയായ മകള്‍ ബെക്കി, വല്യമ്മ ജെര്‍ട്രൂഡ്, വല്യപ്പന്‍ ആല്‍ബേര്‍ട്ട് ലിഡില്‍, ആന്റി എലിസബേത്ത് ആന്‍ തുടങ്ങിയവര്‍ ഉപയോഗിച്ച ബൈബിളുകള്‍ക്ക് പുറമേ പത്താമത് വിവാഹവാര്‍ഷികത്തിന് ഭാര്യ ഫ്രാന്‍ സമ്മാനിച്ച ബൈബിള്‍, 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മൂമ്മ റൂത്ത് പെര്‍കിന്‍സിന് അവരുടെ പിതാവ് സമ്മാനിച്ച ബൈബിള്‍, യു.എസ് സെനറ്റ് ചാപ്ലൈന്‍ ലോയ്ഡ് ഒഗ്ലീവി സമ്മാനിച്ച ബൈബിള്‍, ജെറുസലേം യാത്രയില്‍ മേടിച്ച ബൈബിള്‍ തുടങ്ങി 9 ബൈബിളുകളാണ് സത്യപ്രതിജ്ഞക്കായി ഉപയോഗിച്ചത്.

ഒന്‍പതു ബൈബിളുകള്‍ക്കും തന്റെ കുടുംബത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഡെ വൈന്‍ തന്റെ സത്യപ്രതിജ്ഞക്കായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചതെന്ന് വോയിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെ വൈനിന്റെ മകനും സുപ്രീം കോടതി ജസ്റ്റിസുമായ പാറ്റ് ഡെ വൈനാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. 2018 നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ഡെ വൈന്‍ ഓഹിയോയുടെ എഴുപതാമത്തെ ഗവര്‍ണറാണ്.

More Archives >>

Page 1 of 406