News - 2025

ലോക യുവജന സംഗമത്തിനു ഇന്ന് ആരംഭം: പാപ്പ നാളെ പനാമയിലെത്തും

സ്വന്തം ലേഖകന്‍ 22-01-2019 - Tuesday

പനാമ: യേശുവിന് സാക്ഷ്യം നല്‍കി കത്തോലിക്ക വിശ്വാസം ഉറക്കെ പ്രഘോഷിക്കുവാന്‍ തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ പതിനാലാമത് ലോക യുവജന സംഗമത്തിന് ഇന്നു ആരംഭമാകും. 155 രാജ്യങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. ‘ഇതാ, കർത്താവിന്റെ ദാസി, അങ്ങേ ഹിതംപോലെ എന്നിൽ നിറവേറട്ടെ’ (ലൂക്ക 1:38) എന്നതാണ് ഇത്തവണത്തെ യുവജന സംഗമത്തിന്റെ ആപ്തവാക്യം. പനാമയിലെ ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന് തുടക്കമാകുക. യുവജന കൂട്ടായ്മക്ക് ആവേശം പകരാൻ, ഫ്രാൻസിസ് പാപ്പ നാളെ പനാമയിലെത്തും. നാളെ വൈകിട്ട് 4.30ന് പനാമ ടോക്യുമെൻ എയർപോർട്ടിൽ എത്തുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് ആവേശകരമായ സ്വീകരണം നല്‍കും.

24നു രാവിലെ 9.45നാണ് പ്രസിഡന്റിന്റെ വസതിയിൽ ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പ്രസിഡന്റ് ജുവാൻ കാർലോസ് വറേലയുമായി കൂടിക്കാഴ്ച നടത്തും. 10.45ന് സർക്കാർ അധികാരികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ബൊളിവർ പാലസിൽ അഭിസംബോധനചെയ്യും. 11.15ന് ഫ്രാൻസിസ് അസീസി ദൈവാലയത്തിൽ മധ്യ അമേരിക്കയിലെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈകിട്ട് 5.30നാണ് യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ പാപ്പ യുവജനസംഗമ വേദിയിലെത്തുന്നത്. കേരളത്തിൽ ആരംഭിച്ചു ലോകമെമ്പാടും വളര്‍ന്ന ‘ജീസസ് യൂത്തി’ന്റെ സാന്നിധ്യവും സംഗമ വേദിയിലുണ്ടാകും.

ഏഴു തവണ ‘വേൾഡ് യൂത്ത് ഡേ’യിൽ സാന്നിധ്യം അറിയിച്ച റെക്സ് ബാൻഡിനു പകരം പുതിയ മ്യൂസിക് ബാൻഡുകളായ ‘മാസ്റ്റർ പ്ലാൻ’ (യു.എ.ഇ), ‘അക്ട്സ് ഓഫ് അപ്പോസ്തൽസ്’ (ഇന്ത്യ), ‘വോക്സ് ക്രിസ്റ്റി’ (ഇന്ത്യ) എന്നിവരാണ് ഇത്തവണ ‘ജീസസ് യൂത്തി’നെ പ്രതിനിധീകരിക്കുക. 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്. രൂപതാതലത്തിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു ആരംഭം. പിന്നീട് 1991ലാണ് മൂന്നു വർഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സംഗമങ്ങൾക്ക് രൂപം നൽകിയത്. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ യുവജന കമ്മീഷന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »