News - 2025
ലോക യുവജന സംഗമത്തിന് പനാമയില്‍ പ്രൗഢ ഗംഭീര തുടക്കം
സ്വന്തം ലേഖകന്‍ 23-01-2019 - Wednesday
പനാമ: 155 രാജ്യങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തിന് പനാമയില്‍ തുടക്കം. അന്‍പതു ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ആറുദിനം നീണ്ടുനിൽക്കുന്ന സംഗമത്തിന് തുടക്കമായത്. പരമ്പരാഗതമായ സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെയാണ് ആഗോള യുവത്വത്തെ പനാമ സ്വീകരിച്ചത്. വിശ്വാസ സാക്ഷ്യവും വിജ്ഞാനവും വിനോദവും ഒരുമിക്കുന്ന പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളിൽ പങ്കാളിയാകാന്‍ വത്തിക്കാനില്‍ നിന്നു ഫ്രാന്‍സിസ് പാപ്പ പനാമയിലേക്ക് തിരിച്ചിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള 480 ബിഷപ്പുമാരിൽ 48% പേർ എത്തിയതായും ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ എത്തിച്ചേരുമെന്നുമാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നാനൂറിനടുത്ത് ബിഷപ്പുമാർ 137 സെന്ററുകളിലായി മതബോധന ക്ലാസുകൾക്കും നേതൃത്വം നൽകും. യുവജന മഹാസംഗമം കാര്യക്ഷമമായി നടപ്പിലാക്കാന്‍ തദ്ദേശീയരായ ഇരുപതിനായിരം പനാമ യുവജനങ്ങളും കൊളംബിയ, ബ്രസീൽ, കോസ്റ്റ റിക്ക, മെക്‌സിക്കോ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 2,445 വോളണ്ടിയർമാരും സജീവമായി രംഗത്തുണ്ട്. വോളന്റിയർ ടീമില്‍ കേരള സഭയെ പ്രതിനിധീകരിച്ച് രണ്ടുപേരുണ്ടെന്നതും ശ്രദ്ധേയമാണ്. വരാപ്പുഴ അതിരൂപതാഗംങ്ങളായ ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ജോസ്മോൻ തൈപ്പറമ്പില്‍ എന്നിവരാണ് ഇന്റർനാഷ്ണൽ വോളന്റിയർ ടീമില്‍ ഉള്ളത്. നാളെ വൈകിട്ട് 5.30നു യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ പാപ്പ യുവജനസംഗമ വേദിയിലെത്തുന്നതോടെ ആവേശം ഇരട്ടിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Posted by Pravachaka Sabdam on