News
പാപ്പ പനാമയിലെത്തി, ഇന്ന് സംഗമ വേദിയില്‍; ആവേശത്തില്‍ കത്തോലിക്ക യുവത്വം
സ്വന്തം ലേഖകന്‍ 24-01-2019 - Thursday
പനാമ സിറ്റി: ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങള്‍ക്ക് പുതു ആവേശം പകര്‍ന്നു ഫ്രാന്‍സിസ് പാപ്പ പനാമയിലെത്തി. എയര്‍പോര്‍ട്ടില്‍ പനാമീയൻ പ്രസിഡന്റ് ജുവാൻ കാർളോ വരേല, വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ആഡംഷിക് മിറോസ്ലാവ്, രാഷ്ട്രത്തിന്റെയും സഭയുടെയും പ്രതിനിധികൾ, യുവജനങ്ങൾ, വിശ്വാസസമൂഹം എന്നിവർ ചേർന്നാണ് പാപ്പയെ സ്വീകരിച്ചത്. പാരമ്പര്യ വസ്ത്രധാരികളായ പനാമീയന്‍ കുട്ടികൾ പാപ്പയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ നർത്തകരുടെ നൃത്താവിഷ്‌കാരം സ്വീകരണത്തിന് വ്യത്യസ്ഥത നല്‍കി. തുടര്‍ന്നു അപ്പസ്തോലിക കാര്യാലയത്തിലേക്കുള്ള പേപ്പല്‍ മോബീലിലുള്ള പാപ്പയുടെ യാത്ര ആവേശം പകരുന്നതായിരിന്നു. റോഡിന് ഇരുവശം പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി ആയിരങ്ങളാണ് തടിച്ചുകൂടിയത്.
പ്രാദേശികസമയം ഇന്നു രാവിലെ പത്തിന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് എഴുനൂറോളം വരുന്ന അതിഥികളെ മാര്‍പാപ്പ അഭിസംബോധന ചെയ്യും. സ്വീകരണ ചടങ്ങിനുശേഷം തൊട്ടടുത്ത സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തിലെത്തുന്ന മാര്‍പാപ്പ പനാമയിലെയും അയല്‍രാജ്യങ്ങളായ കോസ്റ്ററിക്ക, എല്‍സാവദോര്‍, ഗ്വാട്ടിമാല, ഹൊണ്ടുറാസ്, നിക്കരാഗ്വെ എന്നിവിടങ്ങളിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് യുവജന സംഗമ വേദിയില്‍ എത്തിച്ചേരുന്ന മാര്‍പാപ്പ യുവജനങ്ങള്‍ക്കൊപ്പം നൈറ്റ് വിജിലില്‍ പങ്കെടുക്കും.
നാളെ രാവിലെ പനാമ സിറ്റിയില്‍നിന്നും 30 മൈല്‍ അകലെയുള്ള പാകൊറ ടൗണിലേക്കു കാര്‍ മാര്‍ഗം പോകുന്ന മാര്‍പാപ്പ ഇവിടുത്തെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് അന്തേവാസികളായ 192 യുവജനങ്ങളുമായി സംവദിക്കുകയും ഇവരെ കുന്പസാരിപ്പിക്കുകയും ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് മാര്‍പാപ്പ ലോക യുവജന സമ്മേളനവേദിയില്‍ യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴിയില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ സാന്താ മരിയ ലാ ആന്റിഗ്വ ബസിലിക്കയിലെ നവീകരിച്ച അള്‍ത്താര മാര്‍പാപ്പ ആശീര്‍വദിക്കും. തുടര്‍ന്ന് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. അഞ്ചു ലക്ഷത്തോളം ആളുകള്‍ ദിവ്യബലിയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടര്‍ന്ന് രാജ്യത്തെ വൈദികരെയും സന്യസ്തരെയും അല്‍മായ പ്രതിനിധികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. സാന്‍ ഹൊസെ മേജര്‍ സെമിനാരിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തു യുവതീയുവാക്കള്‍ക്കൊപ്പം മാര്‍പാപ്പ ഉച്ചഭക്ഷണം കഴിക്കും. സംഗമ വേദിയില്‍ എത്തുന്ന മാര്‍പാപ്പ അവിടെ യുവജനങ്ങള്‍ക്കൊപ്പം ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. ഒന്നര മണിക്കൂറോളം യുവജനങ്ങള്‍ക്കൊപ്പം പാട്ടുപാടിയും പ്രാര്‍ത്ഥിച്ചും സന്ദേശം നല്‍കിയും മാര്‍പാപ്പ ചെലവഴിക്കും. യുവജന സംഗമത്തിന്റെ സമാപന ദിനമായ ഞായറാഴ്ച പ്രാദേശികസമയം രാവിലെ എട്ടിന് മാര്‍പാപ്പ മെട്രോ പാര്‍ക്കിലെ തുറന്ന വേദിയില്‍ ദിവ്യബലിയര്‍പ്പിക്കും.
ഇതാദ്യമായാണ് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്ത് രാജ്യാന്തര കത്തോലിക്കാ യുവജന സംഗമം നടക്കുന്നത്. പനാമ തീരത്തോടു ചേര്‍ന്ന 64 ഏക്കര്‍ വിസ്തൃതിയുള്ള സിന്റെ കോസ്‌റ്റെറ ബീച്ചാണ് യുവജന സംഗമത്തിന്റെ മുഖ്യവേദി. പനാമയുടെ മധ്യസ്ഥയായ ആന്റിഗ്വ മാതാവിന്റെ പേരില്‍ കാന്‌പോ സാന്റാ മരിയ ലാ ആന്റിഗ്വ എന്നാണ് വേദിക്കു പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 155 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
Posted by Pravachaka Sabdam on