India - 2025
'തോമാശ്ലീഹായുടെ നടപടികള്‍' വിലപ്പെട്ട ആത്മീയസ്രോതസ്: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
സ്വന്തം ലേഖകന്‍ 25-01-2019 - Friday
കൊച്ചി: 'തോമാശ്ലീഹായുടെ നടപടികള്‍' എന്ന പുരാതനലിഖിതരേഖ ഭാരതത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ വിലപ്പെട്ട ആത്മീയസ്രോതസാണെന്നു സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിച്ച 56ാമതു ത്രിദിന സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായില്‍നിന്നു ക്രിസ്തുവിശ്വാസം ഏറ്റുവാങ്ങിയ മാര്‍ത്തോമാക്രിസ്ത്യാനികളുടെ ദൈവശാസ്ത്രവിചാരങ്ങളിലേക്കു 'തോമാശ്ലീഹായുടെ നടപടികള്‍''എന്ന പുരാതനരേഖ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, ഫ്രാന്‍സിലെ ലിയോണ്‍സ് കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍മാരായ ഫാ. ഏലി എയ്‌റൂളെ, മാക്‌സിം യെ വാദിയന്‍, ഫ്രഞ്ച് സയന്‍സ് അക്കാഡമി അംഗം പ്രഫ. പിയെര്‍ പെരിയെ എന്നിവര്‍ പ്രസംഗിച്ചു. ലിയോണ്‍സ് കാത്തലിക് സര്‍വകലാശാല ക്രേന്ദ്രീകരിച്ചു തോമാശ്ലീഹായുടെ ഭാരതത്തിലെ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെക്കുറിച്ചു നടന്നുവരുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രഫസര്‍മാര്‍ വിശദീകരിച്ചു.
ഇന്ത്യന്‍, ഫ്രഞ്ച് ഗവേഷകരുടെ കൂട്ടായ ശ്രമത്തിലൂടെ ഗവേഷണം മുന്‌പോട്ടുകൊണ്ടുപോകണമെന്നും യൂണിവേഴ്‌സിറ്റിയുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. ജെയിംസ് കുരികിലംകാട്ട്, റവ. ഡോ. ജയിംസ് പുലിയുറുന്പില്‍, റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, റവ. ഡോ. ജിഫി മേക്കാട്ടുകുളം, പ്രഫ. ജോര്‍ജ് മേനാച്ചേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
