India - 2024

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍

സ്വന്തം ലേഖകന്‍ 29-01-2019 - Tuesday

കോട്ടയം: 124ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍ 17 വരെ മാരാമണ്‍ മണല്‍പ്പുറത്തെ പന്തലില്‍ നടക്കും. 2.30നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. സുവിശേഷ പ്രസംഗകരായ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, മലേഷ്യയില്‍ നിന്നുള്ള ഡോ. ഡാനിയേല്‍ ഹോ, സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള റവ. റെയ്മണ്ട് സിമംഗ കുമലോ, ഡോ. ഗീവര്‍ഗീസ് മാര്‍ തിഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവരാണു മുഖ്യപ്രസംഗകര്‍.

16നു സ്വീകരിക്കുന്ന സ്‌തോത്രക്കാഴ്ച സഭയുടെ കേരള പുനര്‍ നിര്‍മാണ പദ്ധതിയിലേക്കു നല്‍കും. കണ്‍വെന്‍ഷന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം 17നു രാവിലെ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിക്കും. 11 മുതല്‍ 16 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമേ, രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ബൈബിള്‍ ക്ലാസുകള്‍. 13നു നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്‍മാര്‍ പങ്കെടുക്കും.


Related Articles »