News - 2025
ഒടുവില്‍ യാഥാര്‍ത്ഥ്യമായി: അര നൂറ്റാണ്ടിന് ശേഷം ക്യൂബയില്‍ കത്തോലിക്ക ദേവാലയം
സ്വന്തം ലേഖകന്‍ 29-01-2019 - Tuesday
താമ്പ: ക്യൂബന്‍ കത്തോലിക്ക വിശ്വാസികളുടെ നീണ്ടകാലത്തെ പ്രാര്‍ത്ഥനയ്ക്കും തയാറെടുപ്പിനും ഒടുവില്‍ അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ദേവാലയം കൂദാശ ചെയ്തു. ക്യൂബയിലെ സാൻഡിനോയില്‍ നിര്‍മ്മിച്ച തിരുഹൃദയ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ ശനിയാഴ്ചയാണ് നടന്നത്. ഫ്ലോറിഡ ഇടവകയുടെ സഹകരണത്തോടെയാണ് ദേവാലയം നിര്‍മ്മിച്ചത്. ഫാ. റെമോന്‍ ഹെര്‍ണാണ്ടസ് എന്ന വൈദികന്‍ ദേവാലയ കൂദാശ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. പുതിയ ദേവാലയത്തെ ഫാ.സിറിലോ കാസ്ട്രോ എന്ന വൈദികനാണ് നയിക്കുക. എണ്ണൂറ് ചതുരശ്ര അടിയുള്ള ദേവാലയത്തിൽ ഇരുനൂറോളം ആളുകളെ ഉൾകൊള്ളാനാകും.
You May Like: അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യൂബയിൽ കത്തോലിക്ക ദേവാലയം
നേരത്തെ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഒരു ലക്ഷത്തോളം ഡോളറാണ് ഫ്ലോറിഡ സെന്‍റ് ലോറൻസ് ഇടവകയിൽ നിന്ന് സംഭാവന ലഭിച്ചത്. രാജ്യത്തെ ക്രൈസ്തവർ, ദേവാലയങ്ങളുടെ അഭാവവും മതപീഡനങ്ങളും മൂലം തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചിട്ടില്ലായെന്നതിന് തെളിവാണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേസമയം ഹവാനായിലും സാന്‍റിയാഗോയിലും ദേവാലയങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. 2010-ലെ കണക്കുകള്‍ പ്രകാരം ക്യൂബയിലെ 60% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.
