News - 2024

പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന്റെ സ്മരണ: അബുദാബിയില്‍ പുതിയ ദേവാലയം ഉയരും

സ്വന്തം ലേഖകന്‍ 06-02-2019 - Wednesday

അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന്റെ അനുസ്മരണമെന്നോണം അബുദാബിയില്‍ പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനം. വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ദേവാലയം പണിയാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും, യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. മതാന്തര സംവാദത്തില്‍ പങ്കെടുക്കുവാന്‍ യുഎഇയിൽ എത്തിയ അൽ അസർ യൂണിവേഴ്സിറ്റി ഗ്രാൻഡ് ഇമാമായ അഹ്മദ് അൽ തയാബിന്റെ പേരിൽ ഒരു മോസ്ക് പണിയാനും ധാരണയായിട്ടുണ്ട്. ദേവാലയത്തോട് ചേര്‍ന്ന് തന്നെയായിരിക്കും മോസ്ക്കും സ്ഥിതി ചെയ്യുക.

യുഎഇയിൽ ഉയരാൻ പോകുന്ന ക്രൈസ്തവ ദേവാലയവും, മുസ്ലിം പള്ളിയും സഹിഷ്ണുതയുടെയും, മൂല്യങ്ങളുടെയും ഒരു ദീപസ്തംഭം ആയിരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം പുതിയ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ സ്വാഗതം ചെയ്തിരിക്കുന്നത്. പുതിയതായിട്ട് ഉയരാൻ പോകുന്ന ആരാധനാ കേന്ദ്രങ്ങൾ ആളുകൾക്ക് ഒരുമയോടും ഐക്യത്തോടും കൂടി ജീവിക്കാൻ സാധിക്കും എന്നതിന്റെ അടയാളമാണെന്നു യുഎഇയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജനായ മിലിന്ദ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.

യുഎഇ എന്ന രാജ്യം പലവിധ ചുറ്റുപാടുകളിൽനിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ടെന്നും അതിനാൽ ഒരു ക്രൈസ്തവ ദേവാലയത്തിന് സമീപം ഒരു മോസ്ക് കാണുന്നത് അപൂർവകാഴ്ചയല്ലെന്നായിരിന്നു ക്രിസ്പിൻ തോമസ് എന്ന മലയാളിയുടെ പ്രതികരണം.


Related Articles »