Life In Christ

നൂറു വയസ്സായെങ്കിലും ശുശ്രൂഷകളില്‍ മുടക്കം വരുത്താതെ ഒരു ഡീക്കന്‍

സ്വന്തം ലേഖകന്‍ 06-02-2019 - Wednesday

ഡെട്രോയിറ്റ്: നൂറു വയസ്സ് തികഞ്ഞു. പക്ഷേ വിശുദ്ധ കുര്‍ബാന നല്‍കുന്നതിനോ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനോ യാതൊരു മടിയുമില്ല, ക്ഷീണവുമില്ല. ഊര്‍ജ്ജസ്വലനാണ്. അമേരിക്കന്‍ സംസ്ഥാനമായ ഡെട്രോയിറ്റില്‍ ദിവ്യബലികളില്‍ സഹായിയായ ഡീക്കന്‍ ലോറന്‍സ് ജിറാര്‍ഡിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 21-ന് നൂറു വയസ്സ് തികഞ്ഞ ലോറന്‍സ് ജിറാര്‍ഡ് ഡെട്രോയിറ്റിലെ ഡിയര്‍ബോണ്‍ ഹൈറ്റ്സിലെ സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സ്ഥിരഡീക്കനാണ്.

ദൈവ ശുശ്രൂഷയുടെ എണ്ണമറ്റ കഥകളാണ് ഇദ്ദേഹത്തിനു പറയുവാനുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനകള്‍ ചുരുക്കമാണെന്നാണ് ഇടവകക്കാര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പുരോഹിതനെ സഹായിക്കുക എന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും താന്‍ എന്ത് ചെയ്യണമെന്ന് പുരോഹിതന്‍ ആഗ്രഹിക്കുന്നുവോ, പരമാവധി അത് ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡീക്കന്‍ ലോറന്‍സ് പറയുന്നു. സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ആഴ്ചതോറും അര്‍പ്പിക്കപ്പെടുന്ന 11 വിശുദ്ധ കുര്‍ബാനകളില്‍ 8 എണ്ണത്തിലും സഹായിയാകുന്നത് ഡീക്കന്‍ ലോറന്‍സാണ്.

ഇതിനു പുറമേ അള്‍ത്താര ഒരുക്കലും, സുവിശേഷ പ്രഘോഷണവും അടക്കമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇദ്ദേഹം തന്നെയാണ്. ഊര്‍ജ്ജ്വസ്വലനായിരുന്ന കാലത്ത് രോഗീ സന്ദര്‍ശനവും, ഭവന സന്ദര്‍ശനവും താന്‍ നടത്താറുണ്ടായിരുന്നുവെന്ന് ഡീക്കന്‍ ലോറന്‍സ് സ്മരിക്കുന്നു. പലപ്പോഴും രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ പോകുമ്പോള്‍ തന്നോടു കുമ്പസാരിക്കുവാന്‍ വരെ രോഗികള്‍ മുതിര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമായ ലോറന്‍സ് ഡീക്കനാവുന്നതിന് മുന്‍പ് അദ്ധ്യാപകവൃത്തിയിലും, സാമൂഹ്യ സേവനത്തിലുമായിരുന്നു വ്യക്തിമുദ്ര പതിപ്പിച്ചിരിന്നത്.

1976-ല്‍ കര്‍ദ്ദിനാള്‍ ജോണ്‍ എഫ്. ഡിയര്‍ഡെന്‍ ആണ് ഇദ്ദേഹത്തിനു ഡീക്കന്‍ പട്ടം നല്‍കിയത്. 1968-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ അമേരിക്കയില്‍ സ്ഥിര ഡീക്കന്‍ സ്ഥാനം തിരികെ കൊണ്ടുവന്നപ്പോള്‍ ഇതാണ് തന്റെ ദൈവവിളിയെന്ന്‍ ലോറന്‍സ് തിരിച്ചറിയുകയായിരിന്നു. ഡെട്രോയിറ്റ് അതിരൂപതയില്‍ ഡീക്കന്‍മാരില്‍ പ്രമുഖ സ്ഥാനമാണ് ലോറന്‍സ് ജിറാര്‍ഡിന് ഉള്ളത്. ഡീക്കന്‍ ലോറന്‍സ് ഇല്ലാതിരുന്നുവെങ്കില്‍ സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയം ഇതുപോലെയാവില്ല എന്നാണ് ഇടവകക്കാര്‍ ഒന്നടങ്കം പറയുന്നത്. നൂറു വയസ്സായെങ്കിലും ഇനിയും കൂടുതല്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാനകളില്‍ സഹായിയാകണമെന്നാണ് ലോറന്‍സ് ഡീക്കന്‍റെ ഏക ആഗ്രഹം.


Related Articles »