Social Media

എസക്കിയേലിനൊരു ചക്കരയുമ്മ

ഫാ. ഷീന്‍ പാലക്കുഴി 08-02-2019 - Friday

നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന നവോമി എന്നൊരമ്മയെക്കുറിച്ചു പറയാം. എലിമെലെക്ക് എന്നായിരുന്നു അവരുടെ ഭർത്താവിന്റെ പേര്. യൂദയായിലെ ബേതലഹേമിലായിരുന്നു അവരുടെ താമസം. രണ്ടാൺ മക്കൾ. നാട്ടിൽ ക്ഷാമമുണ്ടായപ്പോൾ അവർ മൊവാബ് എന്ന വിജാതീയ പട്ടണത്തിലേക്കു കുടിയേറി. അവിടെ വച്ച് മക്കൾ രണ്ടുപേരും വിവാഹിതരായി. എന്നാൽ പത്തു വർഷങ്ങൾക്കുള്ളിൽ നവോമിയുടെ ഭർത്താവിനെയും ആൺ മക്കളെയും മരണം ക്രൂരമായി കവർന്നെടുത്തു. അനാഥരായ മൂന്നു സ്ത്രീകൾ മാത്രം ആ വീട്ടിൽ അവശേഷിച്ചു.

ഒടുവിൽ നവോമിക്കു നാട്ടിലേക്കു മടങ്ങാതെ വഴിയില്ലെന്നായി.

ചെറുപ്പത്തിലേ വിധവകളായിപ്പോയ മരുമക്കളെ രണ്ടു പേരേയും അവരുടെ പിതൃഭവനങ്ങളിലേക്കു മടക്കി അയയ്ക്കാൻ തീരുമാനിച്ചു. ഇരുവരേയും അരികിൽ വിളിച്ച് നവോമി അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മൂവരും പൊട്ടിക്കരഞ്ഞു. ചുംബനം സ്വീകരിച്ച് മൂത്തവൾ മടങ്ങിപ്പോയി. എന്നാൽ ഇളയവൾ ചുംബനത്തിനൊപ്പം അമ്മയുടെ ഹൃദയവും സ്വന്തമാക്കി പിരിയാതെ നിന്നു.

മൂത്തവളെക്കുറിച്ച് പിന്നീടാരും കേട്ടിട്ടില്ല. എന്നാൽ നവോമിക്കൊപ്പം നിന്ന ഇളയവൾ അവൾക്കൊപ്പം ഇസ്രായേലിലേക്കു പോയി. യൂദാ ഗോത്രത്തിന്റെ ഭാഗമായി. ദൈവത്തോടും മനുഷ്യരോടും വിശ്വസ്തയായി ജീവിച്ചു. ദൈവം അവളെ സമൃദ്ധമായി അനുഗ്രഹിച്ചു.

അനേക തലമുറകൾക്കിപ്പുറം അവൾ ദൈവപുത്രനായ യേശുവിന്റെ കുടുംബ ചരിത്രത്തിൽ പേരെഴുതപ്പെട്ട ഭാഗ്യവതികളായ അഞ്ചമ്മമാരിൽ ഒരാളായി. അതായത് സാക്ഷാൽ യേശുക്രിസ്തുവിന്റെ വലിയ വല്യമ്മച്ചി! അവളാണ് രൂത്ത്! ബൈബിളിൽ ഒരു പുസ്തകം തന്നെയുണ്ട് അവളുടെ പേരിൽ.

സത്യത്തിൽ നവോമി നൽകിയ ചുംബനം ചരിത്രത്തിലേക്ക് രൂത്തിനുള്ള ഒരു ക്ഷണമായിരുന്നു. ആ ചുംബനത്തിനുള്ള രൂത്തിന്റെ മറുപടിയാകട്ടെ ഇസ്രായേലിന്റെ ചരിത്രത്തെത്തന്നെ സ്വാധീനിച്ച ഒരു തീരുമാനത്തിൽ അവളെ കൊണ്ടുചെന്ന് എത്തിക്കുകയും ചെയ്തു.

'അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞു പോലെയായിരിക്കട്ടെ നിന്‍െറ ചുംബനങ്ങള്‍' എന്ന് ഉത്തമഗീതത്തിൽ (7:9) ദൈവം മനുഷ്യനോട് എത്ര പ്രണയാർദ്രമായാണ് പറഞ്ഞു വച്ചത്! ചുംബനം പരസ്പരം വിട്ടുപിരിയാനുള്ള ശരീരങ്ങളുടെ ദു:ശാഠ്യത്തിന്റെ അടയാള വാക്കല്ല. മറിച്ച് ഗാഢമായി ഒട്ടിച്ചേരാനുള്ള ഹൃദയങ്ങളുടെ അനശ്വര വാഗ്ദാനമാണ്. മൃദുവും ഉത്തമവുമായ വീഞ്ഞുപോലെ വീര്യമുള്ള വാക്കിന്റെ ദാനം!

ഗത്സെമനിയിൽ യേശുവിന്റെ കവിളിൽ യൂദാസിന്റെ ആത്മാവു കെട്ട ചുംബനം പതിയുമ്പോൾ സമയം രാത്രിയായിരുന്നു. സ്നേഹത്തിന്റെ പവിത്രമായ അടയാളം വ്യഭിചരിക്കപ്പെട്ട കൊടും രാത്രി. ചുംബനം കഴിഞ്ഞ് ഇരുവരും മരണപ്പെട്ടു. ചുംബിച്ചവൻ ഓർമ്മ പോലും ബാക്കിയില്ലാത്ത ഇരുട്ടായി മാറി. ചുംബനമേറ്റവൻ മൂന്നാം ദിവസം പ്രകാശത്തേക്കാൾ ശോഭയുള്ളവനായി ഉയർത്തെഴുനേറ്റു.

ആത്മാവില്ലാത്ത ചുംബനം ചിലപ്പോൾ ഒരായുധമാണ്. മുറിവേൽപ്പിക്കാൻ ശ്രമിക്കുന്ന വഞ്ചകനെ തിരിഞ്ഞു കൊത്തുന്ന ആയുധം. ജീവനറ്റ ചുംബനങ്ങൾക്കിടയിൽ നിന്ന് ദൈവമേ ഞാൻ എന്നെത്തന്നെ എങ്ങനെ വേർതിരിച്ചെടുക്കും!

അസീസ്സിയിൽ നിന്നുള്ള ഒരു വിപ്ലവകാരിയായിരുന്നു ഫ്രാൻസിസ്. ക്രിസ്തുവിന്റെ പിന്നാലെ അയാൾ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. അന്നൊരിക്കൽ എതിരെ വന്ന കുഷ്ഠരോഗിയുടെ പഴുത്തു ചീഞ്ഞ വ്രണങ്ങളിൽ ഒരു ഭ്രാന്തനെപ്പോലെ ചുംബിക്കുമ്പോൾ എന്തൊരാവേശമായിരുന്നു അയാൾക്ക്! കണ്ടു നിന്നവർ അറപ്പോടെ മുഖം തിരിച്ചു കളഞ്ഞിട്ടും അയാൾ പിൻമാറുന്നില്ല. ചുംബനം കൊണ്ട് അയാൾ അപരന്റെ മുറിവുകൾ ഒന്നൊന്നായി സുഖപ്പെടുത്തിക്കൊണ്ടിരുന്നു.

ഒടുവിൽ സുഖപ്പെടാത്ത അഞ്ചു തിരുമുറിവുകൾ മാത്രമുള്ള ശരീരവുമായി അയാൾ നിൽക്കുമ്പോൾ ഫ്രാൻസിസ് അമ്പരക്കുന്നു, ദൈവമേ... ഇതു നീയായിരുന്നോ എന്ന്! ചുംബനമേറ്റവനായിരുന്നു ഒന്നാമത്തെ ക്രിസ്തു, ചുംബിച്ചവൻ രണ്ടാമത്തേതും. ചുംബനം മുറിവേൽപ്പിക്കലല്ല, ആത്മശരീരങ്ങളുടെ സൗഖ്യപ്പെടുത്തലാണ്. ഹൃദയം കൊണ്ടെങ്കിലും ഒന്നു ചുംബിച്ചിരുന്നെങ്കിൽ സുഖപ്പെടുമായിരുന്ന എത്ര മനുഷ്യരാണ് മുന്നിലൂടെ കൈനീട്ടി കടന്നു പോയിട്ടുള്ളത്!

അമ്പത്തിമൂന്നു വയസ്സുള്ള വിനിചിയോ എന്ന മനുഷ്യനെക്കുറിച്ച് ലോകമറിഞ്ഞത് ഫ്രാൻസിസ് പാപ്പായുടെ ഒരു ചുംബനത്തിലൂടെയാണ്. വത്തിക്കാനിൽ വച്ചാണ്. ന്യൂറോ ഫൈബ്രോമത്തോസീസ് എന്ന പാരമ്പര്യരോഗത്താൽ വികൃതരൂപിയിത്തീർന്ന വിനിചിയോയെ വഴിവക്കിൽ കണ്ട് പാപ്പാ അറച്ചു നിന്നില്ല. നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു. പിന്നെ അയാളുടെ വികൃതമായ മുഖത്തോടു ചേർത്ത് തന്റെ മുഖമമർത്തി. ഒരു ചുംബനത്തിൽ അയാളെ ഫ്രാൻസിസ് പാപ്പാ സ്വന്തമാക്കി; അയാൾ ദൈവത്തേയും!

ചുംബനം ഒരാളെ സ്വന്തമാക്കുന്നതിന്റെ അടയാളമാണ്. നീ എന്റേതും ഞാൻ നിന്റേതുമാണെന്ന് ശരീരം കൊണ്ട് ആയിരം തവണ പറയുന്നതിനു പകരം ആത്മാംശമുള്ള ഒരു ചുംബനം മതി.

ഇപ്പോഴിതാ തിരുവനന്തപുരത്തുകാരൻ എസക്കിയേലിനും ആ ഭാഗ്യമുണ്ടായിരിക്കുന്നു. ഒരു തുണിക്കെട്ടു പോലെ അമ്മയുടെ കരങ്ങളിൽ ശാന്തനായുറങ്ങുന്ന അവൻ മൾട്ടിപ്പിൾ ബ്രെയിൻ സിസോഡറുള്ള ഒരു കുഞ്ഞാണെന്നാണ് വായിച്ചറിഞ്ഞത്. ഏതാണ്ട് പൂർണ്ണമായും നിശ്ചലമായ ആ ഇളം ശരീരത്തിൻമേൽ എന്നതിനേക്കാൾ അവന്റെ ആത്മാവിലാണ് ഫ്രാൻസിസ് പാപ്പാ ചുംബിച്ചത്! ആ ചുംബനത്തിന്റെ സത്യം അവനെ സുഖപ്പെടുത്തട്ടെ!

കുഞ്ഞെസക്കിയേലിനുള്ള പാപ്പായുടെ ചുംബനം വെറുമൊരു സ്നേഹാശ്ലേഷം മാത്രമായിരുന്നില്ല. രോഗിയാണെന്നറിഞ്ഞിട്ടും ഇറുത്തു കളയാതെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, തങ്ങളുടെ കൊച്ചു ജീവിതത്തിന്റെ തണലിൽ, അവനെ നട്ടുവളർത്താൻ ധീരത കാട്ടിയ ആ മാതാപിതാക്കളുടെ ത്യാഗസുരഭിലമായ സ്നേഹത്തിൻ മേലുള്ള ദൈവത്തിന്റെ കൈയ്യൊപ്പു കൂടിയായിരുന്നു അത്!

എസക്കിയേൽ, നിനക്കു നൽകാനൊരു ചക്കരയുമ്മ ഇപ്പോൾ എന്റെ ഹൃദയത്തിലിരുന്നു വിങ്ങുന്നു!

പാപ്പാ ഫ്രാൻസിസ്, മനുഷ്യ ഹൃദയങ്ങളെ സ്വന്തമാക്കാൻ അങ്ങയോളം പോന്നവർ ഭൂമിയിൽ ഇപ്പോൾ അധികമില്ല! അയൽപക്കത്തെങ്കിലും വന്ന് ഞങ്ങളുടെ കുഞ്ഞെസക്കിയേലിനെ തൊട്ടനുഗ്രഹിച്ചതിന് ഒരായിരം നന്ദി! കാരുണ്യവും വിശ്വസ്‌തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും (സങ്കീര്‍ത്തനങ്ങള്‍ 85:10).


Related Articles »