News - 2024

പാവങ്ങളുടെ അമ്മയുടെ മണ്ണില്‍ ആഗോള രോഗി ദിനാഘോഷത്തിന് നാളെ തുടക്കം

സ്വന്തം ലേഖകന്‍ 08-02-2019 - Friday

വത്തിക്കാന്‍ സിറ്റി: ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ രോഗികള്‍ക്ക് സൗഖ്യം ലഭിക്കുന്നതിന്റെ സ്മരണാര്‍ത്ഥവും, ലോകമെങ്ങുമുള്ള രോഗികളെയും, രോഗീ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പ്രാര്‍ത്ഥനയിലൂടെ പ്രത്യേകം ഓര്‍മ്മിക്കുവാനുമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആരംഭം കുറിച്ച ആഗോള രോഗി ദിനാഘോഷത്തിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകും. ഫെബ്രുവരി 9-11 തീയതികളിലായി നടക്കുന്ന 27-മത് ആഗോള രോഗി ദിനാഘോഷത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ബംഗ്ലാദേശി കര്‍ദ്ദിനാളായ പാട്രിക് ഡി’റൊസാരിയോ, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണും എന്നിവരും പങ്കെടുക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള രൂപതകളും കത്തോലിക്കാ ആതുരശുശ്രൂഷാ സ്ഥാപനങ്ങളും രോഗീദിനം ആചരിക്കുമ്പോള്‍, രോഗികളോടും നിരാലംബരോടും സഭയ്ക്കുള്ള എന്നും തുടരേണ്ട “നല്ല സമറിയക്കാരന്‍റെ മാതൃക”യുടെ ഓര്‍മ്മപ്പെടുത്തലാകും ദിനാചരണമെന്ന് വത്തിക്കാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിച്ചു. ഇന്തോനേഷ്യ, ജപ്പാന്‍, ഖസാഖിസ്ഥാന്‍, കൊറിയ, ലാവോസ്-കമ്പോഡിയ, മലേഷ്യ-സിംഗപ്പൂര്‍-ബ്രൂനേയ്, മ്യാന്മാര്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, തായിലണ്ട്, തായിവാന്‍, തീമോര്‍ ലെസ്തേ, വിയറ്റ്നാം, ഹോംകോങ്, മക്കാവൂ, മംഗോളിയ, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്മനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഗോള രോഗി ദിനാഘോഷത്തിനായി കൊല്‍ക്കത്തയില്‍ എത്തിച്ചേരുന്നുണ്ട്.

1992 മെയ് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഓരോ വര്‍ഷവുമുള്ള ലൂര്‍ദ് തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ആഗോള രോഗീ ദിനമായി പ്രഖ്യാപിച്ചത്. 1993-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ വെച്ചായിരുന്നു ആദ്യ ആഗോള രോഗീ ദിനം ആഘോഷിച്ചത്. 1929-ല്‍ ഒരു മിഷ്ണറിയായി എത്തി രോഗികളുടെയും, പാവങ്ങളുടെയും, അനാഥരുടേയും കണ്ണിലുണ്ണിയായി വിശുദ്ധ മദര്‍ തെരേസയുടെ പ്രേഷിത മണ്ഡലമായ കൊല്‍ക്കത്ത ആഗോള രോഗികളുടെ ദിനാഘോഷത്തിന് ഏറ്റവും അനുയോജ്യമായ വേദിയായാണ് ഏവരും വിലയിരുത്തുന്നത്.


Related Articles »