News - 2024

മരണാസന്നരായ രോഗികൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 31-01-2024 - Wednesday

വത്തിക്കാന്‍ സിറ്റി: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് പാപ്പയുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമാണ് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തുവിട്ടിരിക്കുന്നത്. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് ശ്രദ്ധയും, പരിചരണവും നൽകുന്ന കാര്യത്തിൽ കുറവുകളൊന്നും സംഭവിക്കരുതെന്നു പാപ്പ വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും, ഓരോ രോഗിക്കും ആതുരവും, മാനസികവും, ആത്മീയവും, മാനുഷികവുമായ പരിചരണത്തിനും സഹായത്തിനുമുള്ള അവകാശമുണ്ട്. സംസാരിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കൈകൾ നമ്മുടെ കരങ്ങളോട് ചേർത്തുവയ്ക്കണം. രോഗശാന്തി അസാധ്യമായ സാഹചര്യങ്ങളിലും, രോഗികളെ പരിചരിക്കുവാൻ നമുക്ക് സാധിക്കണമെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പ ഓര്‍മ്മപ്പെടുത്തി.

സാധ്യമെങ്കിൽ ചികിത്സിക്കുക, എന്നാല്‍ എപ്പോഴും പരിചരിക്കുക. ഈ ഒരു അവസ്ഥയിൽ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. വൈദ്യസഹായം മാത്രമല്ല, മാനുഷികമായ അടുപ്പവും, സഹായവും നൽകുന്ന ഇത്തരം സംവിധാനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. മരണാസന്നരായ രോഗികളുള്ള സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുത്. മറിച്ച് നിർണായകമായ ഈ അവസ്ഥകളിൽ അവർക്ക് ഉചിതമായ ശാരീരികവും ആത്മീയവും സാമൂഹികവുമായ പിന്തുണ നൽകുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പ പറഞ്ഞു.

മാരകരോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ വൈദ്യസഹായവും മനുഷ്യ പരിചരണവും സഹായവും എപ്പോഴും ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം എന്ന അഭ്യർത്ഥനയോടെയാണ് പാപ്പ തന്റെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ ചുരുക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ വത്തിക്കാൻ തുടങ്ങിയത്.


Related Articles »