News - 2025

ദളിത് ക്രൈസ്തവർക്കു സംവരണം നടപ്പിലാക്കാൻ ആന്ധ്ര ഭരണകൂടം

സ്വന്തം ലേഖകന്‍ 09-02-2019 - Saturday

ഹൈദരാബാദ്: വിദ്യാലയങ്ങളിലും ഗവൺമെന്റ് ജോലിയ്ക്കും ദളിത് ക്രൈസ്തവർക്കും സംവരണം ഏർപ്പെടുത്തുവാൻ ആന്ധ്ര പ്രദേശ് ഭരണകൂടം പ്രമേയം പാസാക്കി. ഹൈന്ദവ, ബുദ്ധ, സിക്ക് മതസ്ഥർക്ക് മാത്രമുള്ള ഭരണഘടന സംവരണമാണ് സംസ്ഥാന ഭരണകൂടം ദളിത ക്രൈസ്തവർക്കും അനുവദിച്ചിരിക്കുന്നത്. വിവേചനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് സംവരണം തീർത്തും പ്രധാനപ്പെട്ടതാണെന്ന് ദേശീയ മെത്രാൻ സമിതിയുടെ ദളിത വിഭാഗം ദേശീയ സെക്രട്ടറി ഫാ. ദേവസഗായരാജ് അഭിപ്രായപ്പെട്ടു.

ആന്ധ്രയിലും തമിഴ്നാട്ടിലുമാണ് ദളിത ക്രൈസ്തവരിൽ ഭൂരിപക്ഷവും. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പിന്തുണ ഇക്കാര്യത്തിൽ ആവശ്യമാണെന്നും മറ്റ് പ്രാദേശിക പാർട്ടികളുടെ സഹകരണത്തോടെ അടുത്ത ദേശീയ ഭരണകൂടവും നിയമ നിർമ്മാണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിന് നടന്ന സംസ്ഥാന അസംബ്ലിയിലാണ് ദളിത ക്രൈസ്തവ സംവരണം ഐക്യകണ്ഠമായി പാസ്സാക്കിയത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവതരിപ്പിച്ച പ്രമേയത്തിൽ പാവപ്പെട്ട ക്രൈസ്തവരുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദളിത ക്രൈസ്തവർക്ക് സംവരണം അനുവദിക്കാൻ ദേശീയ നേതൃത്വം ഒരുക്കമാണോയെന്ന് ഡൽഹിയിലെ ചർച്ചകളിലൂടെ തീരുമാനിക്കും. 1950 മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ പരിവർത്തനം ചെയ്ത ക്രൈസ്തവര്‍ എന്ന കാരണത്താൽ ദളിത് സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ആന്ധ്രയെ കൂടാതെ ആറ് സംസ്ഥാനങ്ങളും ദളിത ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്ത് നിയമ ഭേദഗതി നടത്തുവാൻ രാജ്യ നേതൃത്വം തയ്യാറാകണമെന്നാണ് ഫാ. ദേവസഗായരാജ് അടക്കമുള്ള സഭാനേതൃത്വത്തിന്റെ ആവശ്യം.


Related Articles »