News - 2024

മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വ്യാജ വാർത്തയുമായി മംഗളം പത്രം

സ്വന്തം ലേഖകന്‍ 11-02-2019 - Monday

തലശ്ശേരി: സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനും തലശ്ശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയ്ക്കെതിരെ വ്യാജ വാര്‍ത്ത ചമഞ്ഞ് മംഗളം പത്രം. ''സ്നേഹധാര" എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിൽ ബിഷപ്പ് എഴുതിയ ലേഖനം എന്ന വ്യാഖ്യാനെയാണ് മംഗളം പത്രം വ്യാജ വാര്‍ത്ത ചമഞ്ഞിരിക്കുന്നത്. കന്യാസ്ത്രീ പീഡനമേറ്റുയെന്ന്‍ ബിഷപ്പ് തുറന്നു സമ്മതിച്ചുവെന്നാണ് മംഗളത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഇന്നു നല്‍കിയ വാര്‍ത്ത. എന്നാല്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ ലേഖക വളച്ചൊടിച്ചു സൃഷ്ട്ടിച്ചതാണെന്ന്‍ തലശ്ശേരി അതിരൂപത വ്യക്തമാക്കി.

''സ്നേഹധാര" എന്ന പ്രസിദ്ധീകരണത്തിന് ബിഷപ്പ് യാതൊരു വിധ ലേഖനവും നൽകിയിരുന്നില്ല. വൈദീകർക്കായി പ്രസിദ്ധീകരിക്കുന്ന "അജപാലകൻ" എന്ന മാസികയിൽ ബിഷപ്പ് എഴുതിയ എഡിറ്റോറിയലിനെ ആധാരമാക്കിയുള്ളതാണ് സ്നേഹധാരയിലെ ലേഖനം. എന്നാൽ അജപാലകന്‍ മാസികയിലെ ലേഖനത്തിൽ "പീഡിത" എന്ന് ഉദ്ധരണി ചിഹ്നത്തിൽ കൊടുത്തിരുന്നതിന്റെ വ്യംഗ്യം മനസിലാക്കാതെ സ്നേഹധാരയിലെ പുനപ്രസിദ്ധീകരണത്തിൽ ഉദ്ധരണി ചിഹ്നം വിട്ടു കളഞ്ഞതാണ് ദുർവ്യാഖ്യാനത്തിന് കാരണമായത്.

സഭയിലെ മെത്രാൻമാരെ ആക്ഷേപിക്കാൻ നിരന്തരം വാർത്തകൾ ചമയ്ക്കുന്ന ഒരു വ്യക്തി ദുരുദ്ദേശ്യത്തോടെ മംഗളത്തില്‍ വാര്‍ത്ത സൃഷ്ട്ടിക്കുകയായിരിന്നു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി സംസാരിച്ച് വ്യക്തത വരുത്താൻ മംഗളത്തിൽ സംവിധാനങ്ങളില്ലാതെ പോയത് അപഹാസ്യമാണെന്ന് അതിരൂപത പ്രതികരിച്ചു. സർവ്വമാലിന്യങ്ങളും തള്ളപ്പെടുന്ന അഴുക്കുചാലുകളായി മാറുന്ന ഓൺലൈൻ മഞ്ഞ പത്രങ്ങളുടെ തലത്തിൽ മംഗളം പോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ എത്തുന്നത് സാംസ്കാരിക ജീർണ്ണതയാണന്നും സഭാ നേതൃത്വം നിരീക്ഷിച്ചു.


Related Articles »