India - 2025
മിഷ്ണറിമാര്‍ കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിമത്തം തുടരുന്നു: മാര്‍ ജോസഫ് പാംപ്ലാനി
സ്വന്തം ലേഖകന്‍ 15-02-2019 - Friday
മാരാമണ്‍: മിഷ്ണറിമാരുടെ പ്രവര്‍ത്തനം കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിസ്ഥാനത്തിലുള്ള അടിമത്തം ഇന്നും നിലനില്‍ക്കുകയാണെന്ന്‍ സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍ ചെയര്‍മാനും തലശേരി സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടന്ന യുവവേദി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മിഷ്ണറിമാരുടെ പ്രവര്‍ത്തനഫലമായി കേരളത്തില്‍ വിദ്യാലയങ്ങള്‍ തുടങ്ങിയതും കുട്ടികളെ ഒരേ പന്തിയിലിരുത്തി ഭക്ഷണം വിളന്പിയതുമാണ് യഥാര്‍ഥ നവോത്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നവോത്ഥാനത്തിനു വിത്തുപാകിയതു മിഷ്ണറിമാരാണെന്നതില്‍ തര്‍ക്കമില്ല. 1846ല്‍ ചാവറ അച്ചന്‍ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് പറഞ്ഞു വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും അവിടെ എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുകയും ചെയ്തു. ഇതിനോടൊപ്പം സംസ്കൃത വിദ്യാലയവും ആരംഭിച്ചിരുന്നു. വിദ്യാലയങ്ങളില്‍ പഠിക്കാനെത്തുന്ന കുട്ടികളെല്ലാം ഒരേ നിറത്തിലുള്ള യൂണിഫോം ധരിക്കണമെന്നു പറയുകയും അതു നടപ്പിലാക്കുകയും ചെയ്തതു മിഷ്ണറിമാരാണ്.
വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞിയും ഏര്‍പ്പെടുത്തിയിരുന്നു. ജാതി വ്യത്യാസങ്ങള്‍ ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് ഒരേ നിറത്തിലുള്ള യൂണിഫോം നിര്‍ബന്ധമാക്കിയതും ഒന്നിച്ചിരുന്നു ഭക്ഷണം വിളമ്പിയതും. വിദ്യാലയങ്ങളില്‍ ഒരേ പന്തിയിലിരുത്തി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയതിലൂടെ ജാതിവ്യവസ്ഥയാണ് പടിയിറങ്ങിയത്. മിഷ്ണറിമാരുടെ പ്രവര്‍ത്തനം കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിസ്ഥാനത്തിലുള്ള അടിമത്തം ഇന്നും നിലനില്‍ക്കുകയാണ്. അറിവിലൂടെയാണ് നവോത്ഥാനം രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.ടി. ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍, അയ്യന്‍ കാളി, ശ്രീനാരായണ ഗുരുദേവന്‍, വാഗ്ഭടാനന്ദ സ്വാമി ഇവരൊക്കെ നവോത്ഥാന നായകന്‍മാരായിരുന്നു. ക്രിസ്തു നല്‍കിയ സന്ദേശവും നവോത്ഥാനത്തിന്റേതായിരുന്നു. ക്രിസ്തുവിലൂടെ സൃഷ്ടി മുഴുവന്‍ നവീകരിക്കപ്പെട്ടു. എല്ലാവരും ഒന്നാണെന്ന ചിന്ത വളര്‍ത്തുന്നതാണ് ക്രിസ്തു നല്‍കിയ രക്ഷയുടെ അനുഭവം. നമ്മുടെ ചുറ്റുപാടുമുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ് എന്ന ബോധ്യം വളരുമ്പോള്‍ മാത്രമേ നവോത്ഥാനം പൂര്‍ണമാകുകയുള്ളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, ഐസക് മാര്‍ പീലക്‌സിനോസ് തുടങ്ങിയവരും പങ്കെടുത്തു. ഇന്നലെ രാവിലെ ഡോ.ദാനിയേല്‍ ഹോം, ഉച്ചകഴിഞ്ഞ് ഡോ.റെയ്മണ്ട് സിമാംഗ കുമാലോ, വൈകുന്നേരം തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഓരോ ദിവസവും ആയിരങ്ങളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.