India - 2025
ആഴത്തിലുള്ള ദൈവ വിശ്വാസം മാത്രമാണ് തിന്മകള്‍ക്കെതിരെയുള്ള പ്രതിരോധം: മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ
സ്വന്തം ലേഖകന്‍ 13-02-2019 - Wednesday
മാരാമണ്‍: തിന്മകള്‍ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആഴത്തിലുള്ള ദൈവവിശ്വാസം മാത്രമാണ് പ്രതിരോധമെന്നു മാര്‍ത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുടുംബവും ഓരോ ദേവാലയമായി മാറണം. ഇതിലൂടെ വെല്ലുവിളികളെ തരണം ചെയ്യാന്‍ വിശ്വാസിക്കു കഴിയും. ഉപരിതലങ്ങളിലുള്ള വിശ്വാസമല്ല ഇതിനു വേണ്ടത്. മറിച്ച് ആഴത്തിലുള്ള ക്രിസ്തീയ വിശ്വാസവും ദര്‍ശനവുമാണ് ഉണ്ടാകേണ്ടത്.
ക്രിസ്തീയ വ്യക്തി ജീവിതത്തില്‍നിന്നുപോലും സമാധാനം എന്ന വാക്ക് അകന്നിരിക്കുന്നു. ഇതിനു കാരണം ആഡംബരത്തോടുള്ള ഭ്രമവും മദ്യാസക്തിയുമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ട് കോണ്ക്രീംറ്റ് വനങ്ങളും ഫ്‌ളാറ്റുകളും ഉണ്ടാകുന്നു. മൃദുലമായ ഹൃദയവും മനുഷ്യത്വമുള്ള മുഖവുമാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടത്. ക്രിസ്തു തെളിയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ ഇവ തനിയെ വന്നുകൊള്ളുമെന്നും മാത്യൂസ് മാര്‍ മക്കാറിയോസ് പറഞ്ഞു.
