News - 2025
കുറച്ചുപേര്‍ക്ക് അധികം, അധികം പേര്‍ക്കു ചുരുക്കം; സമ്പന്നരെയും ദരിദ്രരെയും ഉപമിച്ച് പാപ്പ
സ്വന്തം ലേഖകന്‍ 16-02-2019 - Saturday
വത്തിക്കാന്‍ സിറ്റി: സമ്പന്നരെയും ദരിദ്രരെയും ശ്രദ്ധേയമായ രീതിയില്‍ വിശകലനം നടത്തി രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനമായ ഐഫാഡിന്‍റെ ജീവനക്കാര്‍ക്ക് പാപ്പയുടെ സന്ദേശം. കുറച്ചുപേര്‍ക്ക് അധികവും, അധികംപേര്‍ക്ക് ഏറെ കുറച്ചുമുള്ള വിരോധാഭാസത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ധാരാളം പേര്‍ക്ക് അടിസ്ഥാന ഭക്ഷണംപോലും ഇല്ലാത്തപ്പോള്‍ കുറച്ചുപേര്‍ ഏറെ സമ്പന്നതയില്‍ ഉന്മത്തരാകുന്നുവെന്നും പാപ്പ പറഞ്ഞു. വികലമായ ഈ അസമത്വം മാനവികതയുടെ ഭാവിക്ക് അപകടകരമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ഐഫാഡ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ നിശ്ശബ്ദസേവനം, ഒരു വൃക്ഷത്തിന്‍റെ മണ്ണിന് അടിയിലെ വേരുപോലെ അദൃശ്യമാണ്. വൃക്ഷത്തിന്‍റെ അതിജീവനത്തിന് ആവശ്യമായ നീരു വലിച്ചുനല്കുന്നത് അദൃശ്യമായ ഈ വേരുകളാണ്! എന്നാല്‍ ദൈവം ഈ നിശ്ശബ്ദ സേവനത്തെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അവിടുന്ന് സകല ഉദാരതയ്ക്കും നന്മയ്ക്കും പ്രതിഫലം നല്‍കുക തന്നെ ചെയ്യും.
മാനുഷികവും ആത്മീയവുമായ ഈ നന്മകള്‍ ജീവിതത്തിലെ ഭൗതിക സമ്പത്തിനെക്കാള്‍ ശ്രേഷ്ഠമായ സമ്പാദ്യമായിരിക്കും. ഐഫാഡിന്‍റെ പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പാവങ്ങളായവരുടെ പേരില്‍ നന്ദിയര്‍പ്പിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത്.
