News - 2024

ലൈംഗീക ആരോപണങ്ങള്‍: അല്‍മായ പങ്കാളിത്തത്തോടെ പരിഹാരം കാണണമെന്ന് കർദ്ദിനാൾ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 23-02-2019 - Saturday

വത്തിക്കാന്‍ സിറ്റി: ഇരകൾക്കും സഭയ്ക്കും വേദന ഉണ്ടാക്കിയിരിക്കുന്ന, സഭയിൽ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് അൽമായ പങ്കാളിത്തത്തോടുകൂടി ബിഷപ്പുമാർ പരിഹാരം കാണണമെന്ന് ഭാരത മെത്രാന്‍ സംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ആഗോള സഭയില്‍ ഉയരുന്ന ലൈംഗീക വിവാദങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയുമുള്ള വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതി തലവന്‍മാരുടെ സമ്മേളനത്തിലായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. "കൊളീജിയാലിറ്റി- സെൻഡ് ടുഗദർ" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കവേയാണ് തങ്ങളുടെ ഉത്തരവാദിത്വത്തെ പറ്റി മെത്രാന്മാരെ കർദ്ദിനാൾ ഗ്രേഷ്യസ് ഓർമിപ്പിച്ചത്.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന അല്‍മായ സമൂഹത്തിന് ആരോപണങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിൽ കൂടുതൽ അവസരം നൽകണം. മറ്റേതെങ്കിലും രൂപതകളിൽ നടന്ന പ്രശ്നമാണെന്ന് പറഞ്ഞ്, തന്നെ സംബന്ധിക്കുന്ന വിഷയമല്ല എന്ന ഓർമ്മയിൽ ഗുരുതരമായ ആരോപണങ്ങളെ തള്ളി കളയരുത്. മുഴുവൻ സഭയുടെ കാര്യത്തിലും സഭയിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തം ഉണ്ടെന്നു കരുതി അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും കർദ്ദിനാൾ ഗ്രേഷ്യസ് ഓര്‍മ്മിപ്പിച്ചു.

സഭ സിവിൽ നിയമത്തെ വിലമതിക്കുന്നുണ്ട്. അതിനാൽ ലൈംഗിക ആരോപണങ്ങൾ പോലുള്ള കാര്യങ്ങളിൽ ഇരകൾക്ക് നീതി നടപ്പിലാക്കാൻ സിവിൽ ഭരണകൂടവുമായി സഭ സഹകരിക്കാറുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങൾ സഭയെ പോലെതന്നെ സമൂഹത്തിന്റെ വിവിധ മേഖലകളെ ഗ്രസിച്ചിട്ടുണ്ടെന്നും, ഇതിനുള്ള പരിഹാരമാർഗം പൊതുസമൂഹത്തിനു മുഴുവനായി ഉപയോഗപ്രദമായ രീതിയിൽ സഭയിൽനിന്ന് തന്നെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Related Articles »