News - 2024
സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചുള്ള സഭാപ്രബോധനത്തില്‍ മാറ്റമില്ല: കെസിബിസി
പ്രവാചക ശബ്ദം 22-10-2020 - Thursday
കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. എവ്ജനി അഫിനിവ്സ്കി എന്ന സംവിധായകന്‍ 'ഫ്രാന്‍ചെസ്കോ' എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററിയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ് പാപ്പ ന്യായീകരിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. ജേക്കബ് ജി. പാലയ്ക്കാപ്പിളളി പ്രസ്താവനയില്‍ പറഞ്ഞു.
വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായ പ്രബോധനങ്ങള്‍ ഡോക്യുമെന്ററികളിലൂടെയല്ല സഭ നടത്താറുള്ളത്. “എല്‍ജിബിടി” അവസ്ഥകളിലുള്ളവര്‍ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്നേഹവും അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ ഇതിനുമുന്‍പും പഠിപ്പിച്ചിട്ടുള്ളതാണ്. വിശ്വാസ തിരുസംഘം 1975-ല്‍ ലൈംഗീക ധാര്‍മ്മികതയെക്കുറിച്ച് പുറപ്പെടുവിച്ച പ്രബോധനരേഖയിലും സമാനമായ നിലപാടാണ് കത്തോലിക്കാസഭ സ്വീകരിച്ചിട്ടുള്ളത്. സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ്ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ച് മനസ്സിലാക്കണമെന്നതാണ് സഭയുടെ നിലപാട്.
സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കുടുംബത്തിനു തുല്യമായ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാസഭ കരുതുന്നില്ല, എന്നാല്‍ ഇതിനെ സിവില്‍ ബന്ധമായി വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇപ്രകാരം സിവില്‍ ബന്ധങ്ങളില്‍ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച “സ്നേഹത്തിന്റെ സന്തോഷം” എന്ന (Amoris Latitia). പ്രബോധനരേഖയില്‍ പ്രതിപാദിക്കുന്ന അജപാലന ആഭിമുഖ്യമാണ് ഈ വിഷയത്തില്‍ മാര്‍പാപ്പായുടെ ഓദ്യോഗിക നിലപാട്.
ഈ നിലപാടില്‍ മാര്‍പാപ്പ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ധാര്‍മ്മികതയെക്കുറിച്ച് നാളിതുവരെ സഭ നല്‍കിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാര്‍ത്തകളില്‍ വാര്‍ത്തകളില്‍ വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക