News - 2025

ഗര്‍ഭഛിദ്ര ധനസഹായം അവസാനിപ്പിച്ച ട്രംപിനെ അഭിനന്ദിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 01-03-2019 - Friday

വാഷിംഗ്‌ടണ്‍ ഡി.സി: പാവപ്പെട്ട സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ വൈദ്യസഹായം ലഭ്യമാക്കുവാന്‍ ലക്ഷ്യം വെച്ചിട്ടുള്ള ഫെഡറല്‍ ഫാമിലി പ്ലാനിംഗ് ഫണ്ടില്‍ നിന്നും അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം നിറുത്തികൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിയമഭേദഗതിയെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനായ കര്‍ദ്ദിനാള്‍ ജോസഫ് നൗമാന്റെ പ്രസ്താവന.

‘പ്രൊട്ടക്റ്റ് ലൈഫ് റൂള്‍’ എന്ന നിയമഭേദഗതി പ്രകാരം ഏതാണ്ട് 6 കോടി ഡോളറിന്റെ ധനസഹായമാണ് പ്ലാന്‍ഡ് പാരന്റ്ഹുഡിനു നഷ്ടപ്പെടുക. ടൈറ്റില്‍ X ഫണ്ടിംഗ് സംബന്ധിച്ച നിയമഭേദഗതിയെക്കുറിച്ചുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ഹെല്‍ത്ത് ആന്‍ഡ്‌ ഹുമന്‍ സര്‍വീസസ് വകുപ്പ് പുറത്തുവിട്ടത്. 'അബോര്‍ഷനല്ല ഫാമിലി പ്ലാനിംഗെന്നും, അബോര്‍ഷന്‍ കുടുംബ ജീവിതത്തിന്റെ അവസാനമാണെന്നുമുള്ള സത്യം വീണ്ടും സ്ഥിരീകരിച്ചതിന് ട്രംപ് ഭരണകൂടത്തിനു അഭിനന്ദനങ്ങള്‍’ എന്നുമാണ് ഫെബ്രുവരി 27-ന് പുറത്തുവിട്ട പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ നൗമാന്‍ പറഞ്ഞത്.

ഗര്‍ഭഛിദ്രം അമ്മമാരുടെ ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പ്രചാരണങ്ങളേയും, ധനസഹായത്തേയും യു.എസ്. മെത്രാന്‍ സമിതി (USCCB) എതിര്‍ക്കുന്നുണ്ടെങ്കിലും, ടൈറ്റില്‍ എക്സ് -ലെ അബോര്‍ഷന്‍ ധനസഹായ നിയന്ത്രണത്തെ സ്വാഗതം ചെയ്യുന്നുവെന്നും, ഇക്കാര്യം സര്‍ക്കാര്‍ വളരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ജീവിത വരുമാനം കുറഞ്ഞവര്‍ക്ക് ഗര്‍ഭ നിരോധനം, ഫാമിലി പ്ലാനിംഗ് തുടങ്ങിയവ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിനുള്ള ധനസഹായ പദ്ധതിയായ ടൈറ്റില്‍ എക്സ് 1965-ലാണ് നിലവില്‍ വന്നത്. പദ്ധതി പ്രകാരം അബോര്‍ഷന് നേരിട്ട് ധനസഹായം ലഭിക്കുന്നില്ലെങ്കിലും, അബോര്‍ഷന് ഫണ്ട് ലഭിക്കുന്നതും അബോര്‍ഷന്‍ ദാതാക്കള്‍ക്ക് ഫണ്ട് ലഭിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ടൈറ്റില്‍ എക്സ് ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ ശുപാര്‍ശ ചെയ്യണമെന്നും അബോര്‍ഷന് വേണ്ട ഉപദേശങ്ങള്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥയും ഈ നിയമഭേദഗതി പ്രകാരം ഇല്ലാതാകും.


Related Articles »