Life In Christ - 2024

ചൈനയില്‍ കഴിഞ്ഞ വര്‍ഷം മാമോദീസ സ്വീകരിച്ചത് അരലക്ഷം പേര്‍

സ്വന്തം ലേഖകന്‍ 03-03-2019 - Sunday

ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ മറിക്കടന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ മാമോദീസ സ്വീകരിച്ചത് അരലക്ഷം പേര്‍. ഹെബെയി സംസ്ഥാനത്തിലെ ഷിജിയാഴുവാങ്ങ് ആസ്ഥാനമാക്കിയിട്ടുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. സര്‍ക്കാര്‍ അംഗീകൃത സഭയിലെ മാമോദീസകളുടെ കണക്കാണിത്. ഭൂഗര്‍ഭ സഭയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ എണ്ണം ഇതിന്റെ പതിമടങ്ങ് ഉണ്ടാകുമെന്നാണ് സൂചന.

അംഗീകൃത സഭയിലെ 30 പ്രവിശ്യകളിലായി കിടക്കുന്ന 104 കത്തോലിക്കാ രൂപതകളില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം 48365 പേരാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം നടന്ന മാമോദീസകളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തിലേതുപോലെ ഹെബേയി സംസ്ഥാനമാണ് മുന്നില്‍ നില്‍ക്കുന്നത്. 13,000 മാമോദീസകളാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഷാന്‍ങ്സിയില്‍ 4124, സിച്ചുവാനില്‍ 3707, ഷാന്‍ഡോങ്ങില്‍ 2914 മാമോദീസകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം മുസ്ലീങ്ങളുടേയും, മറ്റ് മതന്യൂനപക്ഷങ്ങളുടേയും സാന്നിധ്യമുള്ള തിബത്തില്‍ 8, ഹൈനാനില്‍ 35, ക്വിങ്ങ്ഹായിയില്‍ 43, സിന്‍ജിയാങ്ങില്‍ 57 എന്നീ തോതിലും ചൈനീസ് ജനത യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുള്ള രാജ്യത്തു പീഡനങ്ങളെയും സഹനങ്ങളെയും അതിജീവിച്ചു ആയിരങ്ങള്‍ യേശുവിനെ അറിയുമ്പോള്‍ ഇത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുകയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും തോറും ക്രിസ്തുവിനെ പുണരാന്‍ ആയിരങ്ങളാണ് വെമ്പല്‍ക്കൊള്ളുന്നത്. 2030-നോട് കൂടെ ലോകത്തെ ഏറ്റവുംന്‍ വലിയ ക്രൈസ്തവ രാജ്യമായി ചൈന മാറുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.


Related Articles »