News - 2024

സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളി യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ

സ്വന്തം ലേഖകന്‍ 05-03-2019 - Tuesday

മിസ്സൌറി: സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിനും, പൗരോഹിത്യത്തിനും വഴിതെളിക്കുന്ന വണ്‍ ചര്‍ച്ച് പദ്ധതിയെ വോട്ടിംഗിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ. ഇക്കഴിഞ്ഞ ഞായറാഴ്ച മിസ്സൌറിയിലെ സെന്റ്‌ ലൂയിസില്‍ വെച്ച് നടന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് വോട്ടെടുപ്പ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെത്തഡിസ്റ്റ് സഭാ പ്രതിനിധികള്‍ വോട്ടിംഗില്‍ പങ്കെടുത്തു. 384-നെതിരെ 438 വോട്ടുകള്‍ക്കാണ് വണ്‍ ചര്‍ച്ച് പദ്ധതി പരാജയപ്പെട്ടത്.

ആഗോളത്തില്‍ 12 ലക്ഷത്തിലധികം അംഗങ്ങളുള്ള യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ പുരുഷനും സ്ത്രീയും തമ്മിലാണ് വിവാഹം കഴിക്കേണ്ടതെന്ന പാരമ്പര്യം മുറുകെപ്പിടിച്ചതിലൂടെ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പാതയിലേക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. തങ്ങളുടെ പദ്ധതി വോട്ടിംഗില്‍ പരാജയപ്പെട്ടത് സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന പ്രതിനിധികളെ ചൊടിപ്പിച്ചിട്ടുണ്ട്.

‘പ്രധാനപ്പെട്ട സഭകളിലൊന്നായ മെത്തഡിസ്റ്റ് സഭ സ്വവര്‍ഗ്ഗവിവാഹത്തിനെതിരായി വോട്ട് ചെയ്തുകൊണ്ട്, ലൈംഗീക ധാര്‍മ്മികത കാത്തുസൂക്ഷിക്കുകയും 2000 വര്‍ഷങ്ങളായി സഭ പഠിപ്പിച്ചു വരുന്ന വിവാഹത്തെ സംബന്ധിച്ച പാരമ്പര്യ പ്രബോധനങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത് ചരിത്രം’ എന്നാണ് സതേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയുടെ പ്രസിഡന്റായ ആല്‍ബര്‍ട്ട് മോളര്‍ അഭിപ്രായപ്പെട്ടത്.

സ്വവര്‍ഗ്ഗവിവാഹത്തെ പിന്തുണക്കുന്നവര്‍ യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ വിട്ടുപോകുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ടെങ്കിലും മെത്തഡിസ്റ്റ് സഭയുടെ ഐക്യത്തെയാണ് തീരുമാനം സൂചിപ്പിക്കുന്നതെന്നാണ് പൊതുവായ അഭിപ്രായം. യുണൈറ്റഡ് മെത്തഡിസ്റ്റ് സഭാംഗങ്ങളില്‍ പകുതിയും അമേരിക്കയിലാണ് ജീവിക്കുന്നത്. ബാക്കി പകുതി ആഫ്രിക്കയിലുമാണുള്ളത്. പാരമ്പര്യ പദ്ധതിയെ പിന്തുണച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കയില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു.


Related Articles »