India - 2024

പ്രോലൈഫ് ശുശ്രൂഷകള്‍ക്ക് അതീവ പ്രസക്തി: റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്

സ്വന്തം ലേഖകന്‍ 07-03-2019 - Thursday

കൊച്ചി: ദൈവത്തില്‍ വിശ്വസിക്കുകയും മനുഷ്യരെ ആദരിച്ചു സംരക്ഷിക്കുകയും ചെയ്യുന്ന പ്രോലൈഫ് ശുശ്രുഷകള്‍ക്ക് അതീവ പ്രസക്തിയാണുള്ളതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്. കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങളും കര്‍ഷക ആത്മഹത്യകളും വര്‍ദ്ധിക്കുമ്പോള്‍ വ്യക്തികളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം വിസ്മരിക്കരുതെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അപരന്റെ ആശയങ്ങളോട് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമ്പോഴും അയാളുടെ ജീവന്‍ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ഓരോ വ്യക്തിക്കുമുണ്ട്. ജീവിത പ്രാരാബ്ധങ്ങള്‍ വരുമ്പോള്‍ ജീവനെ നഷ്ട്ടപ്പെടുത്തുവാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന ബോധ്യം എല്ലാവരും തിരിച്ചറിയണം. കടബാധ്യത മൂലം വിഷമിക്കുന്നവരെ സര്‍ക്കാരും സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സഹായിക്കുവാന്‍ തയ്യാറാകണം. എല്ലാ ഈശ്വരവിശ്വാസികളും ജീവന്റെ സംരക്ഷകരാകുവാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍ ഓരോരുത്തരും പ്രോ ലൈഫര്‍മാരാണെന്ന ബോധ്യത്തില്‍ സമൂഹത്തിലും സഭയിലും പ്രവര്‍ത്തിക്കണം.

നൂറ്റാണ്ടുകളായി സമൂഹത്തില്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും സേവനത്തിന്റെയുമെല്ലാം മേഖലകളില്‍ സമഗ്രവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസഭകളെ വികലമായി ചിത്രീകരിക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, ജാഗ്രതയോടെ വീക്ഷിക്കുവാനും സഭാംഗങ്ങളും സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്‌ററ്യന്‍ വലിയത്താഴത്ത് , അനിമേറ്റര്‍ സിസ്റ്റര്‍ മേരീ ജോര്‍ജ് എഫ് സി സി, വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടന്‍, ഉമ്മച്ചന്‍ ചക്കുപുരയ്ക്കല്‍, സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ്, വര്‍ഗീസ് പി എല്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »