India - 2024

ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധ ജ്വാലയായി കോട്ടയം സമ്മേളനം

സ്വന്തം ലേഖകന്‍ 08-03-2019 - Friday

കോട്ടയം: ചര്‍ച്ച് ബില്‍ നടപ്പിലാക്കി ക്രൈസ്തവസഭാ സംവിധാനങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും നിയമപരിഷ്‌കരണ കമ്മീഷന്റെയും നീക്കങ്ങള്‍ക്കെതിരേ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നടത്തിയ സമ്മേളനത്തില്‍ പ്രതിഷേധം ശക്തം. വിവിധ രൂപതകളിലെ വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കുചേര്‍ന്നത്.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളായി പള്ളികളുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാന്‍ സുതാര്യമായ സംവിധാനം നിലവിലുണ്ടായിരിക്കെ ആസൂത്രിതമായ നീക്കം അംഗീകരിക്കാനാവില്ല. ചര്‍ച്ച് ബില്‍ നടപ്പിലാക്കി അധികാരം വ്യക്തിഗത െ്രെടബ്യൂണലിനെ ഏല്‍പ്പിക്കാനാണു നീക്കം. ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ക്കെതിരേ അപ്പീലുമായി കോടതിയെപ്പോലും സമീപിക്കാനുള്ള സാഹചര്യം സഭയ്ക്കില്ലാതാകും. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭയുടെ അടിത്തറയും അസ്തിത്വവും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ചര്‍ച്ച് ആക്ടിനു പിന്നിലെന്നു കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സഭയുടെ കെട്ടുറപ്പു തകര്‍ക്കാനും സഭാപ്രവര്‍ത്തനത്തെ കളങ്കപ്പെടുത്താനുമുള്ള ആസൂത്രിതനീക്കം എപ്പോഴുണ്ടായാലും ചെറുക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസും ഇതര സഭാ സംവിധാനങ്ങളും ചടുലമായ നീക്കം നടത്തിയതിനാലാണു ചര്‍ച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. സഭാ സംവിധാനത്തെ വരുതിയിലാക്കാനുള്ള നീക്കങ്ങളെ ധീരമായി നേരിടാന്‍ വിശ്വാസികള്‍ സദാ ജാഗ്രത പുലര്‍ത്തണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഓര്‍മിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാജു അലക്‌സ് കൃതജ്ഞതയും പറഞ്ഞു.

വികാരി ജനറാള്‍മാരായ ഫാ.ജോസഫ് മുണ്ടകത്തില്‍, ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ചെറിയാന്‍ താഴമണ്‍, ഫാ.ജസ്റ്റിന്‍ മഠത്തിപ്പറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ജോസഫ്, മാതൃവേദി പ്രസിഡന്റ് റീത്താമ്മ ജയിംസ്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, എസ്എംവൈഎം ട്രഷറര്‍ ജോസ്‌മോന്‍ കെ. ഫ്രാന്‍സിസ്, എംസിഎ പ്രസിഡന്റ് വി.പി. മത്തായി, കെഎല്‍സിഎ സെക്രട്ടറി ബിജു ജോസി കരുമഞ്ചേരി, ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, പ്രഫ. ജോയി മുപ്രാപ്പള്ളി, സെലിന്‍ സിജോ, തോമസ് പീടികയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ്, വര്‍ഗീസ് ആന്റണി, രാജീവ് കൊച്ചുപറന്പില്‍, ഐപ്പച്ചന്‍ തടിക്കാട്ട്, രാജേഷ് ജോണ്‍, ജോമി ഡൊമിനിക്, ജോസുകുട്ടി ഒഴുകയില്‍, ജോജി ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »