India - 2024

ചര്‍ച്ച് ബില്ലിനെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 08-03-2019 - Friday

കൊച്ചി: വിശ്വാസികളുടെ വികാരം മാനിച്ച് ചര്‍ച്ച് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതിനെ സീറോ മലബാര്‍ സഭയുടെ മാധ്യമ കമ്മീഷന്‍ സ്വാഗതം ചെയ്തു. സഭയിലെ ഒറ്റപ്പെട്ട വിമത ശബ്ദങ്ങളെ മാത്രം മുഖവിലയ്‌ക്കെടുത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങളോടെ നിയമ പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ ചര്‍ച്ച് ബില്‍ പ്രസ്തുത കമ്മീഷന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇത്തരം കമ്മീഷനുകളുടെ ദുരുദ്ദേശ്യപരമായ നീക്കങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ പരിഗണിക്കണം.

നിലവിലുള്ള നിയമ വ്യവസ്ഥിതി അനുസരിച്ചാണ് സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് എന്ന സത്യം ബോധപൂര്‍വ്വം തമസ്‌കരിച്ച ചര്‍ച്ച് ബില്‍ പൊതുസമൂഹത്തില്‍ സഭകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സഭയ്ക്കുള്ളില്‍ ജനാധിപത്യപരമായി പള്ളി പൊതുയോഗ തീരുമാനമനുസരിച്ച് സമ്പത്ത് വിനിയോഗം ചെയ്യുന്ന രീതിയെ അപഹാസ്യമാക്കി ചിത്രീകരിച്ചതും ബില്ലിന്റെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന നടപടിയായിരുന്നു.

ചര്‍ച്ച് ബില്ലിനെതിരെ കേരളത്തിലെ ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചു എന്നതും ശ്രദ്ധേയമാണ്. സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച ഛിദ്രശക്തികള്‍ക്ക് വിശ്വാസികളുടെ കൂട്ടായ്മയില്‍ പോറലേല്പിക്കാന്‍പോലും കഴിഞ്ഞില്ല എന്നത് പൊതുസമൂഹത്തിനു ബോധ്യമാകാന്‍ ഈ കൂട്ടായ പ്രതികരണം ഇടവരുത്തി. ചര്‍ച്ച് ബില്ലിനുവേണ്ടി വാദിക്കുന്ന ഏതാനും വിമതരുടെ ശബ്ദം ഒറ്റപ്പെട്ടതും അപ്രസക്തവുമാണെന്നു തിരിച്ചറിയാനും ഈ സമരം ഇടവരുത്തി.

വിശ്വാസികളുടെ മുഴുവനും ശബ്ദമെന്ന അവകാശവാദവുമായി പൊതുവേദികളില്‍ നിറഞ്ഞുനിന്നിരുന്ന വിമതശബ്ദങ്ങള്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് സ്വയം തിരുത്തുമെന്ന പ്രത്യാശയും മീഡിയാ കമ്മീഷന്‍ പങ്കുവച്ചു. ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട സമരമാര്‍ഗ്ഗങ്ങള്‍ സഭ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും മീഡിയാ കമ്മീഷന്‍ അറിയിച്ചു.


Related Articles »