India - 2025
ക്രിസ്തുവിനെ കണ്ടെത്തുകയാണ് ജീവിത പ്രതിസന്ധിക്ക് ഉത്തരം: മാര്‍ ജോസഫ് പാംപ്ലാനി
സ്വന്തം ലേഖകന്‍ 09-03-2019 - Saturday
ചങ്ങനാശേരി: ക്രിസ്തുവിനെ കണ്ടെത്തുകയാണ് മനുഷ്യ ജീവിതത്തിന്റെ പ്രതിസന്ധിക്ക് ഉത്തരമെന്ന് തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. പാറേല്‍പള്ളി മൈതാനിയില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. വചനത്തിലൂടെയും കൂദാശകളിലൂടെയും യേശുവിനെ നാം കണ്ടെത്തണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മക്കളുടെ ഹൃദയം വായിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മക്കള്‍ക്ക് ഹൃദയം തുറന്നു സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാകണം. അപ്പോഴാണ് എന്റെ വീട് സ്വര്‍ഗമാണ് എന്ന ചിന്ത രൂപപ്പെടുന്നത്. പരസ്പരം മനസിലാക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണം. മനസിനെ ഭാരപ്പെടുത്തുന്ന സങ്കടങ്ങള്‍ക്ക് പരിശുദ്ധകന്യകാമറിയം പരിഹാരമാണ്. ആരോരുമില്ലാതെ ഈ ഭൂമിയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു പരിശുദ്ധ അമ്മയുടെ സഹായം ലഭിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വികാരി ജനറാള്‍ മോണ്‍.ഫിലിപ്‌സ് വടക്കേക്കളത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തുരുത്തി ഫൊറോനയിലെ വൈദികര്‍ രാവിലെയും ഫാ. ജോബിന്‍ പെരുന്പളത്തുശേരി വൈകുന്നേരവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ചെറിയാന്‍ കക്കുഴി കുരിശിന്റെ വഴിക്കും ഫാ. ജോര്‍ജ് നൂഴായിത്തടം, ഫാ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ ദിവ്യകാരുണ്യ ആരാധനയ്ക്കും കാര്‍മികത്വം വഹിച്ചു. ഇന്നു രാവിലേയും ഉച്ചകഴിഞ്ഞും വൈകുന്നേരവും അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക്ക് വാളന്മനാല്‍ വചന പ്രഘോഷണം നടത്തും. കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും.
