News - 2024

കേരള സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു

സ്വന്തം ലേഖകന്‍ 10-03-2019 - Sunday

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഇന്നു മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു. സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ മുഴുവന്‍ ദേവാലയങ്ങളിലും മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ സന്ദേശം വായിക്കും. ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന അനുഭവം സാധാരണമായിക്കൊണ്ടിരിക്കുന്നതായും ഈ പശ്ചാത്തലത്തില്‍ ഇവയുടെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സഭ ഏറ്റെടുക്കുന്നതെന്ന്‍ സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.

മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുന്‌പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുവാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതു നയത്തെതന്നെ നിര്‍വീര്യമാക്കുന്നു. പ്രതിവര്‍ഷം 10 ശതമാനം ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നു മാത്രമല്ല ബീയര്‍ പബ്ബുകളുടെ നവീകരിച്ച സംവിധാനമായ, ബീയര്‍ നിര്‍മ്മിച്ച് അവിടെത്തന്നെ വില്പന നടത്തുന്ന മൈക്രോ ബ്രൂവറി യൂണിറ്റുകള്‍ സ്ഥാപിക്കാനും ഡിസ്റ്റലറികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തയാറായതും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കേണ്ടി വന്നതും കേരളസമൂഹം മനസിലാക്കിയ കാര്യങ്ങളാണ്. മദ്യത്തിനെതിരെയുള്ള സഭയുടെ പോരാട്ടം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്നും ലഹരിവിരുദ്ധ സമൂഹ രൂപീകരണത്തിലൂടെ സാമൂഹ്യനന്മ സംജാതമാകണമെന്നും സന്ദേശത്തില്‍ പറയുന്നു.


Related Articles »