India - 2025
പ്രോലൈഫ് പ്രോ ക്രൈസ്റ്റാണ്: ബിഷപ്പ് പോൾ മുല്ലശ്ശേരി
സ്വന്തം ലേഖകന്‍ 11-03-2019 - Monday
കൊല്ലം: പ്രോലൈഫ് എന്ന വാക്കിന്റെ അർത്ഥം ജീവന് വേണ്ടി എന്നാണ്, അതുകൊണ്ട് തന്നെ പ്രോലൈഫ് പ്രോക്രൈസ്റ്റ് അഥവാ ക്രിസ്തുവിന് വേണ്ടി ആയിരിക്കണമെന്ന് കൊല്ലം രൂപത അധ്യക്ഷൻ ഡോ പോൾ ആന്റണി മുല്ലശ്ശേരി. കൊല്ലം പാസ്റ്ററൽ സെന്ററിൽ നടന്ന കെസിബിസി പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖല സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ വന്നിരിക്കുന്നത് ജീവൻ നൽകുവാനാണ് എന്നരുളിചെയ്ത യേശുവിന് വേണ്ടിയുള്ള യാത്രയാണ് പ്രോലൈഫ്. ക്രിസ്തുവിന് എതിരായിരിക്കുന്നവൻ ജീവനെതിരായ കൊലയാളിയാണ്.
ഉദരത്തിലെ ശിശുവിന്റെ ജീവമഹത്വം ഉൾക്കൊള്ളുന്നവരാകണം പ്രോലൈഫേഴ്സ്. ക്രിസ്തുവിന് എതിരെ പ്രവർത്തിക്കുന്നവരെ മാറ്റുന്ന ശക്തി പ്രാർത്ഥനയാണ്. പ്രാർത്ഥനയോടെ നാം പ്രവർത്തിക്കണം. രണ്ടായിരം കൊല്ലം മുൻപ് രാഷ്ട്രീയക്കാരും പ്രമാണികളും ഒരുമിച്ചു ജനങ്ങളെക്കൊണ്ട് വിളിച്ചു പറയിപ്പിച്ചതാണ് ക്രിസ്തുവിനെ വേണ്ട ബറാബാസിനെ മതി എന്ന്. ഇന്നും ഈ അവസ്ഥ നിലനിൽക്കുന്നു. ഹേറോദേസിനെപ്പോലെ ശിശുക്കളെ വധിക്കുന്നവർ അനേകമാകുന്നു. ഇവിടെയാണ് ക്രിസ്തുവിന് വേണ്ടി പ്രോലൈഫേർസ് ഇറങ്ങിത്തിരിക്കേണ്ടതെന്നും ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി എടുത്തു പറഞ്ഞു.
പ്രോലൈഫ് തിരുവനന്തപുരം മേഖല ഡയറക്ടർ ഫാ. ഡോ ബൈജു ജൂലിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ അനുഗ്രഹ പ്രഭാഷണം നടത്തി. കെസിബിസി പ്രോലൈഫ് സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രോലൈഫ് സംസ്ഥാന ഭാരവാഹികളായ ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, ഓർഗനൈസിംഗ് സെക്രട്ടറി ഷിബു കൊച്ചുപറമ്പിൽ, സെക്രട്ടറി റോണാ റിബെയ്‌റോ, പാറശാല രൂപത ഡയറക്ടർ ഫാ ഐസക്ക് മവറവിളകം, കെ സി ബി സി വുമൺസ് കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെ എൽ സി എ കൊല്ലം രൂപത പ്രസിഡന്റ് അനിൽജോൺ, ബി സി സി കൊല്ലം രൂപത കോർഡിനേറ്റർ സജീവ് പരിശവിള എന്നിവർ സംസാരിച്ചു.